പതിനേഴാം നൂറ്റാണ്ടിൽ യൂറോപ്പിലെ ചരിത്രകാരന്മാർ തത്വചിന്തയുടെ ചരിത്രത്തെ വംശീയാടിസ്ഥാനത്തിലായിരുന്നു സമീപിച്ചത്. ഇതേ നൂറ്റാണ്ടിൽ ജീവിച്ച ജോഹാന്നസ് ജെറാർദ് വോസിയസ് തന്‍റെ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട De Philosophorum Sectis (1657) എന്ന ഗ്രന്ഥം, ഏഷ്യയിലേയും ആഫ്രിക്കയിലേയും ബാർബേറിയൻ തത്വചിന്തയെക്കുറിച്ചുള്ള ചെറിയ രണ്ടു സർവ്വേകളോടെയാണ് തുടങ്ങുന്നതു തന്നെ. ഏഷ്യൻ തത്വചിന്ത വിഷയമായ ആദ്യ സർവ്വേയിൽ ഇന്ത്യക്കാരും ഫിനീഷ്യരും ജൂതരും പേർഷ്യക്കാരും മറ്റും ഉൾപ്പെട്ടു. ഈജിപ്ഷ്യൻ, എത്യോപ്യൻ, ലിബിയൻ തത്വചിന്തകളായിരുന്നു ആഫ്രിക്കൻ ഫിലോസഫിയെക്കുറിച്ചുള്ള സർവ്വേയിൽ. അതിനു ശേഷമാണ് ഈ തത്വശാസ്ത്ര ചരിത്രകാരൻ യൂറോപ്യൻ തത്വചിന്തയിലേക്കു നീങ്ങുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം വന്ന ജേക്കബ് ബ്ബ്രക്കർ പിന്തുടർന്നതും ഇതേ രീതിയാണ്.
|
Thales |
ആദ്യത്തെ തത്വചിന്തകനായി തേയിലീസിനെ പരിഗണിച്ച ബ്രക്കർ, തേയിലീസും ശിഷ്യനായ അനക്സിമാൻഡീറും ശാസ്ത്രീയരീതി തത്വചിന്തയിൽ കൊണ്ടുവന്നു എന്നെഴുതി. ആദ്യ ഗ്രീക്കുചിന്തകനും പാശ്ചാത്യ തത്വചിന്തകനുമായി ലോകം ഇന്നു കണക്കാക്കുന്നത് തേയിലീസിനെയത്രെ. അന്നുവരെയുള്ള തത്വചിന്തയെ മൊത്തം ഉൾപ്പെടുത്തി ചരിത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടത് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്തായിരുന്നു. പാശ്ചാത്യ തത്വചിന്തയുടെ ഉത്ഭവം ഗ്രീസിലായിരുന്നെന്ന് ഉറപ്പിക്കുന്നു ഈ ചരിത്ര പുസ്തകങ്ങൾ. 1791-ൽ Deitrich Tiedemann ആണ് തത്വചിന്തയുടെ ആദ്യ മുഴുനീള ചരിത്ര ഗ്രന്ഥമായ Geist der Speculativen Philosophie എഴുതി പ്രസിദ്ധീകരിച്ചത്. തേയിലീസിൽ നിന്നാണ് തുടങ്ങുന്നത് ഈ ഗ്രന്ഥം.
പ്രാചീന ഗ്രീക്കു തത്വചിന്തകരിൽ ചിലരെ 'അയോണിയൻസ്' എന്നും ഇവരുടെ പ്രദേശത്തെ 'അയോണിയ' എന്നും ഗ്രന്ഥങ്ങളിൽ പറഞ്ഞു കാണുന്നു. ഇന്നു തുർക്കിയിലുള്ള അന്റോളിയയുടെ പടിഞ്ഞാറൻ സമുദ്രതീരത്തായുള്ള ഈ പ്രദേശത്തേക്ക് ഗ്രീക്കുകാർ പലതവണകളിലായി കുടിയേറിപ്പാർത്തു. ക്രിസ്തുവിനുമുമ്പ് എട്ടാം നൂറ്റാണ്ടോടെ ഈ തീരപ്രദേശം മുഴുവനായി ഗ്രീക്കുകാരുടെ അധീനതയിലായി. അവർ പത്രണ്ട് പട്ടണങ്ങളായി തിരിഞ്ഞു. ഇതിലൊന്നാണ് മിലേറ്റസ് . പല പ്രധാന ഗ്രീക്കു ചിന്തകരുടെയും ജനാസ്ഥലമാണിത്.
രാഷ്ട്രീയ കാരണങ്ങളാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ചിന്താസരണികളുമായി പരിചയപ്പെടാനുള്ള അവസരം സിദ്ധിച്ചു പ്രാചീന ഗ്രീസിലെ ചിന്തകന്മാർക്ക്. അല്യാറ്റെസ് രാജാവിന്‍റെ കാലത്ത്, ലിഡിയയുടെ അധികാരത്തിൽ കീഴിലായിരുന്നു അയോണിയ എന്നതാണ് ആശയങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഓർക്കേണ്ട പ്രധാന കാര്യം. അല്യാറ്റെസ് സ്മിർണ്ണ കീഴടക്കിയെങ്കിലും മിലേഷ്യൻസ് (മിലേറ്റസിലെ ജനങ്ങൾ) ചെറുത്തു നിന്നതിനെ തുടർന്ന് അവരുമായി ഒരുടമ്പടിക്ക് തയ്യാറായി. അല്യാറ്റെസ് 610 BC മുതൽ 560 BC വരെ ഭരിച്ചു. തേയിലീസിന്‍റെ ജീവിതദൈർഘ്യവും ഏതാണ്ട് ഇതേ കാലത്തായിരുന്നു. അല്യാറ്റസിന്‍റെ മകൻ ക്രോസസ് അയോണിയയുടെ പിടിച്ചടക്കൽ പൂർത്തിയാക്കി. ക്രോസസ് 546 BC യിൽ സൈറസിനാൽ തോൽപ്പിക്കപ്പെടുകയും അയോണിയ പേർഷ്യൻ സാമ്രാജ്യത്തിന്‍റെ ഭാഗമാകുകയും ചെയ്തു. ഈ രണ്ട് ഏകാധിപതികളും മിലേറ്റസിന്‍റെ അധികാരവും പ്രശസ്തിയും വകവെച്ചു കൊടുത്തതിനാൽ ഇവരുടെ അധികാരത്തിൻ കീഴിലായിരുന്നപ്പോൾ പോലും മിലേഷ്യൻസിന് തങ്ങളുടെ സ്വാഭാവിക ജീവിതം യാതൊരു ഇടപെടലുകളുമില്ലാതെ ജീവിക്കാനുള്ള സ്വാതന്ത്ര്യവും പ്രത്യേകാനുകൂല്യങ്ങളും നൽകപ്പെട്ടു.
വിദേശഭരണത്തിലായതിനെ തുടർന്ന് മിലേറ്റസിനു പ്രത്യേകിച്ച് കോട്ടമൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല പൗരസ്ത്യ ചിന്തകളെ അടുത്തറിയാൻ കഴിഞ്ഞു എന്ന നേട്ടമുണ്ടാകുകയും ചെയ്തു. അയോണിയയിൽ നിന്ന് ഗ്രീക്കുകാർ മെസൊപ്പൊട്ടേമിയയിലേക്കു കരമാർഗ്ഗവും ഈജിപ്തിലേക്കു കടൽമാർഗ്ഗവും സഞ്ചരിച്ചു. ലഭ്യമായ തെളിവുകളിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്, ആദ്യകാല ഗ്രീക്കു ചിന്തകൻമാർ ലോകത്തെ പുറത്താക്കി വാതിൽ കൊട്ടിയടച്ച് ഏകാന്തതയിൽ അഭിരമിക്കുന്നവരായിരുന്നില്ല. മറിച്ച് അവർ പ്രായോഗികമതികളും തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ സകല സ്പന്ദനങ്ങളും അറിയുന്നവരുമായിരുന്നു. ആദ്യ തത്വചിന്തകനായ തേയിലീസ് കുറഞ്ഞത് ഈജിപ്തിലേക്കെങ്കിലും യാത്ര നടത്തിയിട്ടുണ്ട്. ഉദാത്തമായ സംസ്കാരങ്ങളുടെ ഇടങ്ങളായിരുന്നു ഈജിപ്തും മെസൊപ്പൊട്ടേമിയയുമെങ്കിലും ചിന്താ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നു ഇവിടങ്ങളിൽ. ജീവിതത്തിന്‍റെ എല്ലാ തുറകളിലും ഈ പാരതന്ത്ര്യം മതത്തിന്‍റെ മേൽനോട്ടത്തിൽ, ഒരു ഏകാധിപത്യ കേന്ദ്രഭരണമെന്ന ലക്ഷ്യത്തിനു വേണ്ടി കൊണ്ടാടപ്പെട്ടു. 'റാ' അല്ലെങ്കിൽ മർഡൂക് എന്നു വിളി പേരുള്ള ദൈവത്തിന്‍റെ പ്രതിപുരുഷ സ്ഥാനമാണ് ഈ ഭരണത്തിൽ രാജാവിന്. രാജാവിനു ചുറ്റും ഒരു വലയമായി നിലകൊണ്ട പുരോഹിതന്മാർ ഒരു തരത്തിലുള്ള തത്വചിന്തയും രാജാവിന്റെ അധികാരത്തിനു ഭീഷണി സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇത്തരം വ്യവസ്ഥകളോടുള്ള തങ്ങളുടെ അസഹിഷ്ണുതയത്രെ ഗ്രീക്കുകാരുടെ ഏറ്റവും പ്രധാന ഗുണം.
ചിന്താ സ്വാതന്ത്ര്യം ഈ വിധം നിഷേധിക്കപ്പെട്ടിരുന്നു ഈ നാടുകളിലെങ്കിലും ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം, തുടങ്ങിയ മേഖലകളിലെല്ലാം ഇവർ ഗണനീയമായ കണ്ടുപിടിത്തങ്ങൾ നടത്തി. മൃഗങ്ങളെ ഇണക്കിയെടുക്കൽ, കൃഷി, മൺപാത്ര നിർമ്മാണം, ഇഷ്ടിക ചുട്ടെടുക്കൽ, നൂൽനൂൽപ്പ്, നെയ്ത്ത്, ലോഹസംസ്കരണം എന്നിവയ്ക്കുള്ള ബഹുമതി പാശ്ചാത്യ ലോകം നൽകുന്നത് മെസൊപ്പൊട്ടേമിയൻ, ഈജിപ്ഷ്യൻ എന്നീ രണ്ടു സംസ്കാരങ്ങൾക്കാണ്. ഈജിപ്തുകാരും സുമേറിയക്കാരും ( മെസൊപ്പൊട്ടേമിയയിലെ ജനങ്ങൾ ) ചെമ്പും ഈയവും കലർത്തി കൂടുതൽ ഉപയോഗപ്രദമായ ഓട് (ലോഹം) ഉണ്ടാക്കി. മിലേറ്റസ് പോലെയുള്ള അയോണിയൻ പട്ടണങ്ങൾ വസ്ത്ര നിർമ്മാണത്തിൽ ഗ്രീക്കു ശൈലിയേക്കാൾ മെച്ചപ്പെട്ട ഏഷ്യൻ രീതി പകർത്തി. ബാബിലോണിനോടും ഈജിപ്തിനോടും ഗ്രീക്കു ഗണിത ശാസ്ത്രത്തിനുള്ള കടപ്പാട് ഗ്രീക്കുകാർ തന്നെ അംഗീകരിച്ചതത്രെ. ചരിത്രകാരനായ ഹെറോഡോട്ടസിന്‍റെ അഭിപ്രായത്തിൽ ജ്യോമട്രി അഥവാ ക്ഷേത്ര ഗണിതം ഈജിപ്തിൽ ജന്മം കൊണ്ടതും ഗ്രീസിലേക്കു കൊണ്ടുവരപ്പെട്ടതുമാണ്. ദിവസത്തെ പന്ത്രണ്ടു ഭാഗങ്ങളായി തിരിക്കുന്ന രീതി ഗ്രീക്കുകാർ പഠിച്ചതാകട്ടെ ബാബിലോണിയരിൽ നിന്നും. ഗണിതശാസ്ത്രകല ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടതെന്ന് ഒരു സാമാന്യ പ്രസ്താവന നടത്തുന്നു അരി സ്റ്റോട്ടിൽ. ക്ഷേത്ര ഗണിതത്തിൽ ഈജിപ്തുകാരായിരുന്നെങ്കിൽ അങ്കഗണിതത്തിൽ ( Arithmetic) ബാബിലോണിയരായിരുന്നു മുൻപന്തിയിൽ. നക്ഷത്രങ്ങൾ ഗ്രഹങ്ങൾ തുടങ്ങിയവ കഥാപാത്രങ്ങളായ ആകാശ പ്രതിഭാസങ്ങളെ, ജ്യോതിശാസ്ത്ര മേഖലയിൽ അസാമാന്യ കൃത്യതയോടെ പ്രവചിക്കാൻ ബാബിലോണിയർക്കു കഴിഞ്ഞതിനു പിന്നിലും പ്രവർത്തിച്ചത് അങ്കഗണിതത്തിലെ ഈ അവഗാഹമായിരുന്നു. മനസിലാക്കപ്പെട്ടിരുന്നതുപോലെ ബാബിലോണിയൻ ജ്യോതിശാസ്ത്രം നിരീക്ഷണത്തെ അടിസ്ഥാനമാക്കിയായിരുന്നില്ല മറിച്ച് ഗണിതത്തിൽ അധിഷ്ഠിതമായിരുന്നു എന്നു തിരുത്തുന്നു പിന്നീടു നടന്ന ഗവേഷണങ്ങൾ. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പ് കടലാസ് ഉപയോഗിച്ചു ഈജിപ്തുകാർ. അന്നത്തെ കടലാസ് രേഖകളിൽ നിന്നും ഔഷധ ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ മേഖലകളിൽ ഇവർ പുരോഗതി കൈവരിച്ചിരുന്നെന്നു മനസ്സിലാക്കാം.
അറിവിന്‍റെ ശേഖരം ഗ്രീക്കുകാരുടെ പടിവാതിൽക്കൽ തന്നെയുണ്ടായിരുന്നു, ഈ സംസ്കാരങ്ങളുടെ രൂപത്തിൽ. അങ്ങനെ വരുമ്പോൾ ശാസ്ത്രം പിറവിയെടുത്തത് ഗ്രീസിൽ നിന്നാണെന്ന് പറയാനാകില്ല.എന്നാൽ ഈ അറിവുകളെ അടുത്ത പടിയിലേക്കുയർത്തിയത് ഗ്രീക്കുകാർ തന്നെ. ആരംഭദശയിൽ വച്ചു തന്നെ മുരടിച്ചു പോയേക്കാമായിരുന്ന വിജ്ഞാനം ഗ്രീക്കുകാരുടെ കൈയിലെത്തിയപ്പോൾ വേഗത്തിലുള്ളതും ശ്രദ്ദേയവുമായ പുരോഗതി നേടി. അക്കാലത്ത് ശാസ്ത്രവും തത്വചിന്തയും വേർതിരിക്കപ്പെട്ടിരുന്നില്ലെങ്കിലും ഈജിപ്ഷ്യൻ അല്ലെങ്കിൽ ബാബിലോണിയൽ ശാസ്ത്രമെന്നും ഗ്രീക്കുചിന്ത എന്നുമാണ് പറയുക. ചിന്ത എന്നും ശാസ്ത്രം എന്നും വേർതിരിച്ചു പറയുന്നതിനു കാരണം എന്താണ്? ഈജിപ്തുകാരും മെസൊപ്പൊട്ടേമിയക്കാരും അറിവിനു വേണ്ടി ദാഹിക്കുന്നവരോ അറിവിനെ അതിൽ തന്നെ ലക്ഷ്യമായി കാണുന്നവരോ ആയിരുന്നില്ല. പ്രായോഗി ജീവിതത്തെ മുൻനിർത്തിയുള്ളതായിരുന്നു അവരുടെ കണ്ടുപിടുത്തങ്ങൾ. ഹെറോഡോട്ടസ് നൽക്കുന്ന വിവരണമനുസരിച്ച് സമകോണാകൃതിയിലുള്ള സ്ഥലത്തിന്റെ (ഈ ആകൃതിയിലായിരുന്നു സ്വകാര്യ വ്യക്തികൾക്ക് സ്ഥലം വേർതിരിച്ച് പതിച്ചുനൽകിയിരുന്നത്) വിസ്തീർണ്ണത്തെ ആശ്രയിച്ചിരുന്നു ഈജിപ്തിലെ കരം പിരിക്കൽ. നൈൽ നദി കരകവിഞ്ഞ്, അതിക്രമിച്ചു കയറി സ്ഥലത്തിന്‍റെ വിസ്തീർണ്ണം കുറഞ്ഞാൽ സ്ഥലമുടമയ്ക്ക് കരം ഇളവിനായി അവകാശവാദം ഉന്നയിക്കുകയും രാജാവിന്റെ ഭൂമാപകർ (surveyors) വസ്തുവിന്‍റെ കുറവ് അളന്നു തിട്ടപ്പെടുത്താൻ അയക്കപ്പെടുകയും ചെയ്യുമായിരുന്നു. സ്ഥലത്തിന്‍റെ കുറവിനനുസരിച്ച് കരം ഇളവ് നൽകപ്പെട്ടു. ആദ്യത്തെ ക്ഷേത്രഗണിത നിപുണർ എന്ന പദവി ഈജിപ്തുകാർക്ക് ഹെറോഡോട്ടസ് നൽകുന്നതും ഇവരുടെ ശാസ്ത്ര രംഗത്തെ പുരോഗതിക്ക് പ്രേരണയായി വർത്തിച്ചത് പ്രായോഗിക ആവശ്യങ്ങളായിരുന്നുവെന്ന് പറഞ്ഞു വെക്കുന്നതും ഇതിനാലാണ്. ഗണിതശാസ്ത്രത്തിൽ ഈജിപ്തുകാരുടെ പുരോഗതിക്കു കാരണം അന്നത്തെ പുരോഹിതന്മാർക്ക് ധാരാളംഒഴിവു സമയം ചിന്തിക്കാൻ ഉണ്ടായിരുന്നതിനാലാണ് എന്നത്രെ അരിസ്റ്റോട്ടിലിന്‍റെ വാദം. ഇതൊരു കണക്കിനു ശരിയാണെങ്കിലും ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടിൽ ആഥൻസിലെ ചിന്തകർ ക്ഷേത്രഗണിതത്തെ സമീപിച്ച രീതിയിലല്ലായിരുന്നു ഈജിപ്തിലെ പുരോഹിതർ ക്ഷേത്രഗണിതത്തെ സമീപച്ചത്. ഈജിപ്ഷ്യൻ പുരോഹിതരുടെ ലക്ഷ്യം അറിവിനു വേണ്ടി അറിവെന്നായിരുന്നില്ല, മറിച്ച് ഉപയോഗത്തിനു വേണ്ടി അറിവെന്നായിരുന്നു.
നിത്യജീവിതം മതാധിഷ്ഠിതവും മതമാകട്ടെ നക്ഷത്രരൂപങ്ങളിൽ ആശ്രിതവുമായിരുന്നു ബാബിലോണിൽ. ഈ തരത്തിൽ ഒരു പ്രായോഗിക അഭ്യസനമായിരുന്നു ജ്യോതിശാസ്ത്രം. തങ്ങളെ സൂക്ഷ്മമായി പഠിച്ച ജ്യോതിശാസ്ത്രജ്ഞർക്ക് ദൈവങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരം നൽകി നക്ഷത്രങ്ങൾ. വിപുലവും കൃത്യതയുള്ളതുമായിരുന്നു ഇവരുടെ ജ്യോതിശാസ്ത്ര വിജ്ഞാനമെങ്കിലും തികച്ചും മത കേന്ദ്രിതമായിരുന്നു ഇത്. ഇക്കാലത്ത് ഗ്രീക്കു തത്വശാസ്ത്രം അതിന്‍റെ ആരംഭദശയിലായിരുന്നു. അക്കാലത്ത് ലഭ്യമായ അറിവും സാങ്കേതികതയും തെളിയിക്കപ്പെടേണ്ട ആവശ്യമില്ലാത്തതാണെന്നും തെളിവുകൾക്കതീതമായ മതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഈജിപ്തുകാരും ബാബിലോണിയക്കാരും വിശ്വസിച്ചപ്പോൾ ഓരോ പുതിയ അറിവിനെയും അഭിമുഖീകരിച്ച ഗ്രീക്കുകാർ 'എന്തുകൊണ്ട് ' എന്ന ചോദ്യം ചോദിച്ചു. ഗ്രീക്കുകാരെ വ്യത്യസ്തരാക്കിയത് ഈ മനോഭാവമത്രെ. ഈ ചോദ്യത്തെ പിന്തുടർന്ന് സാമാന്യവൽക്കരണം (generalisation) നടത്തേണ്ടതായി വരുന്നു. ലോഹത്തെ അതിന്‍റെ അയിരിൽ നിന്ന് വേർതിരിക്കാനും ഉരുക്കിനെ പാകപ്പെടുത്താനും ഗൃഹം ഉഷ്മളമാക്കി സൂക്ഷിക്കുന്നതിനും ഇഷ്ടിക ചുട്ടെടുക്കുന്നതിനും മണലിനെ സ്ഥടികമാക്കാനും അഗ്നി ഉപയോഗിക്കുന്നെന്ന് അറിയാമായിരുന്നു ഈജിപ്തുകാർക്ക്. എന്നാൽ പലവേലകൾ ചെയ്യുന്ന ഈ അഗ്നിയെ അവർ ഒന്നായി കണ്ടില്ല. ഗ്രീക്കുകാർ പക്ഷെ, ഓരോ സന്ദർഭത്തിലുമുള്ള അഗ്നിയുടെ പ്രവർത്തനത്തെ ഒറ്റയ്ക്കൊറ്റയ്ക്കു പരിഗണിക്കുന്നതിനു പകരം അഗ്നിയുടെ പൊതു സ്വഭാവത്തെക്കുറിച്ച് ചിന്തിച്ചു -- നമ്മളിന്നു ചിന്തിക്കുന്നതു പോലെ. അഗ്നിയുടെ പൊതുസ്വഭാവമെന്തെന്ന് ചോദിച്ച ഗ്രീക്കുകാർ നടത്തിയ സാമാന്യവത്കരണം ചിന്തയുടെ ചരിത്രത്തിൽ ഗണനീയമായ ഒരു വഴിത്തിരിവായി. ത്രികോണാകൃതിയിലുള്ളതും സമകോണാകൃതിയിലുള്ളതുമായ ഭൂസ്വത്തുക്കളെക്കുറിച്ച് ഈജിപ്തുകാർ ചിന്തിച്ചപ്പോൾ ഗ്രീക്കുകാർ ഇതിനെ മൂർത്തരൂപങ്ങളിൽ നിന്ന് അമൂർത്തമായ ആശയലോകത്തേക്കുയർത്തി -- സമകോണ ചതുർഭുജത്തെയം ത്രികോണത്തെയും കുറിച്ചു ചിന്തിച്ചു ഗ്രീക്കുകാർ.
വസ്തുവിൽ നിന്നും തികച്ചും സ്വതന്ത്ര അസ്തിത്വമുള്ളതായ 'രൂപം' (form) എന്ന ആശയം പൂർണ്ണമായും ഗ്രീക്കുകാരുടെ കണ്ടുപിടുത്തമത്രെ. ഇന്ദ്രിയഗോചരമായതിൽ നിന്ന് (percept) സാമാന്യസങ്കൽപ്പത്തിലേക്കുള്ള (concept) മുന്നേറ്റമായിരുന്നു ഇവിടെ സംഭവിച്ചത്. വ്യക്തിഗതമായതിൽ നിന്ന് സാർവ്വത്രികമായതിലേക്കുള്ള ചിന്താധാരയുടെ മാറ്റം; വ്യക്തിയുടെ വീക്ഷണത്തിൽ നിന്ന് മാനവിക വീക്ഷണത്തിലേക്കുള്ള മാറ്റം. അനന്തമായ സാധ്യതകളും അതോടൊപ്പം അപകടവും പതിയിരിക്കുന്നതായ അമൂർത്തത (abstraction) എന്ന ധിഷണാപരമായ വരപ്രസാദം ഗ്രീക്കുകാരുടെ മാത്രം പ്രത്യേകതായിരുന്നു. നടക്കുന്നതിനു മുമ്പ് ഓടാനുള്ള പ്രലോഭനമുണ്ടാകും എന്നതാണ് ഇതിൽ പതിയിരിക്കുന്ന അപകടം. മനുഷ്യന്‍റെ യുക്തി അതിന്‍റെ പൂർണ്ണ സാധ്യതകൾ മനസ്സിലാക്കിയതിന്‍റെ ലഹരിയിൽ വഴി തെറ്റാം. വസ്തുതകൾ ശേഖരിച്ച് ഒരു നിഗമനത്തിലെത്തുന്നതിനു പകരം ലഭ്യമായ തെളിവുകളെ മറികടന്ന്, വളരെ ദൂരം മുന്നോട്ടുപോയി സകലതിനെയും ഉൾക്കൊള്ളുന്ന നിഗമനങ്ങളിലെത്താനുള്ള പ്രേരണ ഗ്രീക്കുകാർ കാണിച്ചു. ആദ്യകാലത്തെ പദാർത്ഥവിജ്ഞാന ചിന്തകർക്ക് പക്ഷെ, ഈ പ്രശ്നമുണ്ടായില്ല. അവർ ക്ഷമാപൂർവ്വം പരീക്ഷണങ്ങളിൽ ഏർപ്പെട്ടും ജീവികളുടെയും സസ്യങ്ങളുടെയും വർഗ്ഗീകരണം (Taxonomy) നടത്തിയും പദാർത്ഥങ്ങളുടെ വ്യത്യസ്ത രൂപഘടനകളെക്കുറിച്ചു പഠിച്ചും ജീവിച്ചു. എന്നാൽ പദാർത്ഥ വിജ്ഞാനചിന്തകരുടെ ഈ പാരമ്പര്യത്തിൽ നിന്നല്ല ഇന്നുകാണുന്ന ശാസ്ത്രവും തത്വചിന്തയും ഉണ്ടായത് -- ഇവയെ എന്നും മുന്നോട്ടു നയിച്ചത് അമൂർത്തമായ ആശയങ്ങളത്രെ.
'എല്ലാം ഉണ്ടായത് എന്തിൽ നിന്നാണ്?' എന്നു തുടങ്ങിയ സാർവ്വത്രിക സ്വഭാവമുള്ള ചോദ്യങ്ങൾ ചോദിച്ച് അതേ സ്വഭാവമുള്ള ഉത്തരങ്ങൾ കണ്ടെത്തി ഗ്രീക്കുകാർ. നാം കാണുന്ന വസ്തുക്കൾ എന്തിന്റെ സൃഷ്ടിയാണ്? പ്രപഞ്ചം സൃഷ്ടിച്ചിരിക്കുന്നത് ഒരു പദാർത്ഥം കൊണ്ടാണോ അനേക പദാർത്ഥങ്ങൾ കൊണ്ടാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുകയും യാഥാസ്ഥിതിക രീതിയിലുള്ള അന്വേഷണത്തിനു മുതിരാതെ ഉത്തരങ്ങളിലെത്തുകയും ചെയ്തു. ആധുനിക ശാസ്ത്രജ്ഞരെ സംബന്ധിച്ച് ഇത് അപഹാസ്യവും അസംബന്ധവുമാണെന്നിരിക്കിലും ഈ വിധം ആത്യന്തികവും സാർവ്വത്രികവുമായ ചോദ്യങ്ങൾ ചോദിക്കാൻ ആരും തുനിഞ്ഞിരുന്നില്ലെങ്കിൽ ഇന്നു നാം കാണുന്ന ശാസ്ത്രമോ തത്വചിന്തയോ ഒന്നും ഉണ്ടാകുമായിരുന്നില്ല. ഇന്നും ശാസ്ത്രജ്ഞർ ഒരു പരികൽപ്പന അല്ലെങ്കിൽ ഹൈപ്പോതെസിസ് ആദ്യമേ മനസ്സിൽ വച്ചുകൊണ്ടാണ് പരീക്ഷണത്തിലേർപ്പെടുന്നത്. ഈ പരികൽപ്പന ശരിയോ തെറ്റോ ആകാം. ഫലം എന്തുതന്നെയായാലും ശാസ്ത്രജ്ഞനു ദിശാബോധം നൽകുന്നത് തികച്ചും അമൂർത്തമായ ഈ പരികൽപ്പനയത്രെ. പ്രായോഗികത എന്ന അനുശാസനത്തിന്റെ ഫലമായി പൗരസ്ത്യ ശാസ്ത്രം പ്രതിഭാസങ്ങളോടു പുലർത്തിയിരുന്ന അടുപ്പം അവരെ ഒരിക്കലും ശാസ്ത്രീയ ധാരണയിലേക്കു നയിക്കുന്നതായിരുന്നില്ല. ശാസ്ത്രീയാന്വേഷണം അറിവിനു വേണ്ടിയുള്ള ത്വര മാത്രമല്ല, മറിച്ച് അബ്സട്രാക്ഷൻ അഥവാ അമൂർത്തമായതിനും കൂടിയുള്ള അഭിരുചിയാണ്. ആധുനിക കാലത്തും തികച്ചും ആശയാധിഷ്ഠിതമാണ് പല ശാസ്ത്രീയാന്വേഷണങ്ങളും. എന്തുകൊണ്ടെന്നാൽ ആദ്യകാലത്തെ തത്വചിന്തകരുടെ അനുമാനങ്ങളിൽ നിന്നു തന്നെയാണ് ശാസ്ത്രം പിറവിയെടുത്തിരിക്കുന്നത്.
അമൂർത്തതയ്ക്കുള്ള ശേഷിയാണ് പണ്ഡിതനെയും ശാസ്ത്രജ്ഞനെയും തമ്മിൽ വേർതിരിക്കുന്നത്. അന്നുവരെ ലഭ്യമായ അറിവുകൾ പണ്ഡിതൻ സ്വായത്തമാക്കിയിരിക്കും -- ഒരു ഗ്രന്ഥത്തിൽ നിന്നെന്നതുപോലെ. എന്നാൽ ശാസ്ത്രജ്ഞനാകട്ടെ ലഭ്യമായ ഈ അറിവുകളിൽ നിന്ന് തികച്ചും പുതിയ ഒന്നിലേക്ക് ഒരു ചാട്ടം നടത്തുന്നു. ഈ ചാട്ടം സാധ്യമാകുന്നത് സങ്കൽപ്പം അഥവാ പരികൽപ്പന എന്ന പ്രതിഭാസത്തിലൂടെയാണ്. ഈ പരികൽപ്പന തെളിയിക്കപ്പെട്ടാൽ അതു പുതിയ അറിവായി മാറുകയും നിലനിന്നിരുന്ന പല അറിവുകളെയും നിഷ്കാസനം ചെയ്യുകയും ചെയ്യും. ഐസക് ന്യൂട്ടനും ആൽബട്ട് ഐൻസ്റ്റീനും പണ്ഡിതരിൽ നിന്നും ശാസ്ത്രജ്ഞരെന്ന പദവിയിലേക്കുയർന്നത് പരികൽപ്പന ചെയ്യാനുള്ള ഈ ശേഷി കൊണ്ടത്രെ. ഈ രീതി തുടങ്ങി വച്ചത് ശ്രീക്കു തത്വചിന്തകരായിരുന്നു.
പ്രാചീന ഗ്രീസിൽ നിന്നാരംഭിച്ച് വളർന്നു വന്നതാണ് പാശ്ചാത്യ തത്വചിന്ത. ഇന്ത്യയിലും ചൈനയിലും തത്വചിന്ത അതിനകം തന്നെ രൂപപ്പെട്ടിരുന്നെങ്കിലും ചൈനീസ് തത്വശാസ്ത്രം രാജ്യത്തിനു പുറത്ത് സ്വാധീനം ചെലുത്താതിരിക്കുകയും ഭാരതീയ തത്വചിന്ത മതകേന്ദ്രിതമാകുകയും ചെയ്യുകയാണുണ്ടായത്. ഈ സാഹചര്യത്തിൽ യുക്തിസിദ്ധമായ ചിന്ത ലോകത്തിനു നൽകിയത് പാശ്ചാത്യ തത്വചിന്ത തന്നെ. അതിന്‍റെ ഈറ്റില്ലമായത് ഗ്രീസും.