അനക്സിമാൻഡീറിന്‍റെ പിൻഗാമിയായ അനക്സിമെനീസ് എല്ലാറ്റിന്‍റെയും ഉറവിടം കാറ്റ് അഥവാ വായു (air ) ആണെന്നു പഠിപ്പിച്ചു. നീണ്ട കാലം അർഹിച്ചതിനും ഒരുപടി പിന്നിലായിരുന്നു അനക്സിമെനീസിന്‍റെ സ്ഥാനം. ഇതിനു കാരണം ഒരു പ്രത്യേകപദാർത്ഥത്തെ, തന്‍റെ മുൻഗാമികളെ പോലെ, ലോകത്തിന്‍റെ ഉത്ഭവ കാരണമായി അവതരിപ്പിച്ചു എന്നതാണ്. എന്നാൽ ഈ വിമർശനം വിട്ടു പോയ ഒരു കാര്യമുണ്ട് -- തേയിലീസും അനക്സിമാൻഡീറും ജലത്തിൽ നിന്നോ ഏപ്പിറോണിൽ നിന്നോ മറ്റു വസ്തുക്കൾ ഉരുത്തിരിഞ്ഞുണ്ടായത് എങ്ങനെയെന്നു വിശദീകരിച്ചു കാണുന്നില്ല. എന്നാൽ വസ്തുക്കൾ ഉണ്ടായി വരുന്നത് കാറ്റിൽ നിന്ന്, അതിന്‍റെ സാന്ദ്രീകരണത്തിന്‍റെയും ശുദ്ധീകരണത്തിന്‍റെയും ഫലമായിട്ടാണെന്ന് അനക്സിമെനീസ് പ്രഖ്യാപിച്ചു. അങ്ങനെ തേയിലീസിനെ സംബന്ധിച്ച് വെറുമൊരു തുടക്കമെന്നുള്ളത് അനക്സിമെനീസിനെ സംബന്ധിച്ച് അടിസ്ഥാന പ്രമാണമായി മാറി. പരിണാമത്തിന്‍റെ ഏതു ഘട്ടത്തിലും സ്ഥിരത കൈവിടാതെ നിൽക്കുന്നു ഈ അടിസ്ഥാന പ്രമാണം.
തുടക്കം, ഉത്ഭവം എന്നൊക്കെ അർത്ഥം വരുന്ന ഗ്രീക്കു പദമായ 'arche ' ഇതോടെ തത്വം അഥവാ പ്രമാണം എന്ന പുതിയ അർത്ഥം ദ്യോതിപ്പിക്കുന്ന ഒരു പദമയി മാറി. അന്നു തുടങ്ങി ഈ നിമിഷം വരെ തത്വശാസ്ത്രത്തിൽ വലിയൊരു ധർമ്മം നിർവ്വഹിച്ചു പോരുന്നു ഈ പദം. അടിസ്ഥാനപരമായി മാറാതെ നിൽക്കുന്ന ശാശ്വതമായ ഒരു പ്രമാണത്തിന്‍റെ ദ്രവ്യാന്തര രൂപങ്ങളത്രെ മനുഷ്യൻ കാണുന്ന (സംഭവിക്കുന്നതും കടന്നു പോകുന്നവയുമായ) പ്രതിഭാസങ്ങൾ. ഭൗതിക ശാസ്ത്രത്തിന് അടിത്തറ പാകിയ പ്രമാണങ്ങളുടെ നിർമ്മിതിക്ക് പിന്നിൽ ഈ തത്വമുണ്ട്. അനക്സിമെനീസ് തന്‍റെ ആശയത്തിന്റെ വിവക്ഷിതാർത്ഥങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിരുന്നില്ലെങ്കിലും അതിന്റെ പ്രാധാന്യം ഒട്ടും തന്നെ കുറച്ചു കാണാനാവില്ല.