തേയിലീസിന്‍റെ ശിഷ്യനും പിൻഗാമിയുമായ അനാക്സിമാൻഡീർ വ്യവസ്ഥിത ലോകത്തിന്‍റെ (cosmos) ഉത്ഭവം പരിണാമവും സംബന്ധിച്ച കൂടുതൽ വിശദമായ ഒരു വിവരണം നൽകാൻ ശ്രമിച്ചു.അനന്തമായത് എന്നർത്ഥം വരുന്ന ഏപ്പിറോൺ (apeiron) എന്ന ദൃഷ്ടിഗോചരമല്ലാത്ത പദാർത്ഥത്തിൽ നിന്നത്രെ ലോകമുണ്ടായതെന്നും ഏപ്പിറോണിൽ വിപരീത ഗുണങ്ങൾ ( ചൂട്, തണുപ്പ് എന്നിങ്ങനെ) ഉടലെടുത്തെന്നും ഇവ തമ്മിലുള്ള സംഘർഷത്തിന്‍റെ ഫലമായി ലോകമുണ്ടായെന്നും അനാക്സിമാൻഡീർ സമർത്ഥിച്ചു. 'തണുപ്പ്' ഭാഗം ഉറഞ്ഞുടലെടുത്തതാണ് ഭൂമിയിലെ കര ഭാഗം . ഇതിലൊരു ഭാഗം അങ്ങനെ തന്നെ നിലനിന്നതാണ് ജലം. ചൂടു നിമിത്തം ജലത്തിന്‍റെ ഒരു ഭാഗം ആവിയാകുകയും അങ്ങനെ വായുവും ബാഷ്പപടലവും സൃഷ്ടിക്കപ്പെടുകയുണ്ടായി. ആവിയാകുന്ന പ്രതിഭാസത്തിൽ നിന്ന് അഗ്നി വലയങ്ങളുണ്ടാകുകയും ഇവ ലോകത്തെ ചുറ്റി നിലകൊള്ളുകയും ചെയ്യുന്നു. ബാഷ്പ പടലത്താൽ പൊതിയപ്പെട്ടിരിക്കുന്ന ഈ ആഗ്നേയ വലയങ്ങളിൽ ശ്വസന കവാടങ്ങൾ കുറച്ചെണ്ണം മാത്രമാണുള്ളത്. ഇവയത്രെ സൂര്യനും ചന്ദ്രനും താരാഗണങ്ങളും.
തേയിലീസിനെ പിൻപറ്റി ജീവന്‍റെ ഉത്ഭവത്തെയും വളർച്ചയെയും കുറിച്ചുള്ള നിരീക്ഷണം കൂടുതൽ വിശദമാക്കാൻ ശ്രമിച്ചു അനാക്സിമാൻഡീർ. 'നനവു'മായി ജീവൻ അടുത്ത ബന്ധം പുലർത്തുന്നതിനാൽ ജീവൻ ഉടലെടുത്തത് സമുദ്രത്തിൽ നിന്നത്രെ! കരയിലെ എല്ലാ മൃഗങ്ങളും സമുദ്രജീവികളുടെ പിൻഗാമികളാണ്. മനുഷ്യന് നവജാത ശിശുവായിരിക്കുമ്പോൾ മാതാപിതാക്കളുടെ സഹായമില്ലാതെ നിലനിൽക്കാനാവില്ല എന്ന വസ്തുതയെ മുൻനിർത്തി, നവജാത ശിശുക്കൾ ആദ്യകാലത്ത് ജനിച്ചു വീണിരുന്നത് ഏതെങ്കിലുമൊരു സമുദ്രജീവിയുടെ ഉള്ളിലാകുമെന്നും സ്വയം നിലനിൽക്കാനുള്ള കഴിവാർജ്ജിക്കും വരെ അവർ അവിടെ തന്നെ കഴിഞ്ഞെന്നും അനാക്സിമാൻഡീർ വിശ്വസിച്ചു.
ജീവ കാരണമായ നനവ് ഏറ്റുമൊടുവിൽ ഭാഗികമായി ബാഷ്പീകരിക്കപ്പെടുകയും എല്ലാ ജീവജാലങ്ങളും എപ്പിറോണിലേക്കു തന്നെ മടങ്ങി അപ്രത്യക്ഷമാകുകയും ചെയ്യും. ജീവി വർഗ്ഗങ്ങൾ പരസ്പരം മത്സരിച്ചു എന്നുള്ള അധാർമ്മികതയുടെ ശിക്ഷയായിട്ടാകും ഈ ലോകാവസാനം.
തേയിലീസാണ് ആദ്യ ഗ്രീക്കു തത്വചിന്തകനായി പരിഗണിക്കപ്പെടുന്നതെങ്കിലും അനാക്സിമാൻഡീറ്റിന്‍റെ പ്രകൃതിയെ സംബന്ധിച്ച രചനയാണ് ആദ്യഗ്രന്ഥമായി നമ്മുക്കിന്നുളളത്. കാലികപ്രാധാന്യമുള്ള ഒന്നും ഈ പുസ്തകത്തിലില്ലെങ്കിലും പിന്നാലെ വന്ന ചിന്തകരും ചരിത്രകാരന്മാരും അനാക്സിമാൻഡീറിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നു.
തേയിലീസ് ബൗദ്ധിക ഉദ്യമങ്ങളുടെ വിശാല ലോകത്തെ കാണിച്ചു തന്നെങ്കിലും വ്യക്തമായ ഒരു രൂപരേഖ ഇതിനു നൽകിയത് അനാക്സിമാൻഡീറത്രെ. ചില കൂട്ടിച്ചേർക്കലുകൾക്കും മാറ്റം വരുത്തലുകൾക്കും വിധേയമായ അനാക്സിമാൻഡീറിന്‍റെ കൃതി, പിന്നാലെ വന്ന അനക്സിമെനീസ്, സെനോഫനീസ്, ഹെരാക്ലൈറ്റസ്, എംപീഡൊക്ലീസ്, അനക്സാഗറസ് തുടങ്ങിയവരുടെ ചിന്താസരണികളെ നിർണ്ണയിച്ചു. അനാക്സിമാൻഡീറിന്‍റെ മഹത്തായ പാരമ്പര്യത്തിൽ നിന്നു കൊണ്ടാണ് ഇവർ ചിന്തിക്കുകയും എഴുതുകയും ചെയ്തത്.