ഒരു 'സോഫിസ്റ്റ് ' എന്ന നിലയ്ക്കാണ് ആദ്യമായും അവസാനമായും ചരിത്രത്തിൽ പ്രൊട്ടാഗറസിനുള്ള സ്ഥാനം. സോഫിസ്റ്റുകൾ ഒരു ദർശനവും സ്ഥാപിച്ചില്ല. ഒരു പ്രത്യേക തത്വശാസ്ത്രം ഒന്നിപ്പിക്കുന്നുമില്ല ഇവരെ. പ്രൊട്ടാഗറസ്, ജോർജിയാസ്, ഹിപ്പിയാസ്, പ്രൊഡിക്യൂസ്, ആന്റിഫൊൺ, ത്രാസിമാക്കസ് തുടങ്ങിയ പ്രമുഖരുടെ സംഘമത്രെ സോഫിസ്റ്റുകൾ. അലങ്കാരശാസ്ത്രം, തത്വശാസ്ത്രം, വിജയകരമായ ജീവിതം നയിക്കേണ്ടതിനുതകുന്ന കാര്യങ്ങൾ തുടങ്ങിയവ പ്രതിഫലത്തിനുവേണ്ടി പഠിപ്പിച്ചിരുന്ന പ്രാചീനഗ്രീസിലെ ഗുരുക്കന്മാരായിരുന്നു ഇവർ. ചിലർ കരുതുംപോലെ അപമാനിക്കാനായി ഉപയോഗിച്ചിരുന്ന ഒരു പദമല്ല 'സോഫിസ്റ്റ് ' എന്നത്. സൊലോൺ, പൈഥാഗറസ് എന്നിവരെ ഹെറോഡോട്ടസ് സോഫിസ്റ്റുകൾ എന്നു വിശേഷിച്ചപ്പോൾ യഥാർത്ഥത്തിൽ അതൊരു പ്രശംസയായിരുന്നു. ജ്ഞാനികൾ എന്ന അർത്ഥത്തിലാണ് ഹെറോഡോട്ടസ് ഈ പദമുപയോഗിച്ചത്. എങ്കിലും ജ്ഞാനം എന്നർത്ഥം വരുന്ന 'സോഫിയ' എന്ന പദത്തിൽ നിന്നല്ല മറിച്ച് പാടവം, ബുദ്ധി, പ്രാവീണ്യം എന്നൊക്കെ അർത്ഥമുള്ള 'ടുസോഫോൺ' എന്ന പദത്തിൽ നിന്നാണ് വന്നത് ഈ പേര്. 'സോഫിസ്റ്റ് ' എന്നതിന് പ്ലേറ്റോ ഒട്ടും നല്ലതല്ലാത്ത ആറ് നിർവ്വചനങ്ങൾ നൽകുന്നു. 'ബുദ്ധിയുടെ വ്യാപാരി' എന്നത്രെ ഒരു നിർവ്വചനം. 'അയഥാർത്ഥവും അതേസമയം പ്രകടവുമായ ജ്ഞാനത്തിൽ നിന്ന് പണമുണ്ടാക്കുന്നയാൾ' എന്നാണ് പ്ലേറ്റോയുടെ ശിഷ്യൻ അരിസ്റ്റോട്ടിൽ നൽകുന്ന നിർവ്വചനം.
ഇനി പറയുന്ന ഒരു പ്രൊട്ടാഗറിയൻ സംഭവം പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്‍റെയും നിർവ്വചനങ്ങൾ ശരിവയ്ക്കുന്നതാണ്. പ്രൊട്ടാഗറസ് വാഗ്പാടവശാസ്ത്രം പണംവാങ്ങി പഠിപ്പിച്ചു. നിയമവിദ്യാർത്ഥികളായിട്ടുള്ള തന്‍റെ ശിഷ്യന്മാർ ആദ്യത്തെ കേസ് ജയിക്കുന്നതുവരെ ഫീസ് നൽകേണ്ടതില്ലെന്ന് പ്രൊട്ടാഗറസ് ഒരിളവു നൽകി. സ്വന്തം അധ്യാപനമികവിൽ അത്രമാത്രം വിശ്വാസമുണ്ടായിരുന്നതാണ് കാരണം. യൂതലസ് എന്നു പേരുള്ള ശിഷ്യൻ ഫീസ് അടയ്ക്കാതെ വന്നപ്പോൾ കോടതിയിൽ ശിഷ്യനെ ഹാജരാക്കി പ്രൊട്ടാഗറസ്. ഇതുവരെ താൻ ഒറ്റക്കേസുപോലും ജയിച്ചിട്ടില്ലെന്നും അങ്ങനെ വരുമ്പോൾ ഫീസ് നൽകാൻ താൻ ബാധ്യസ്ഥനല്ലെന്നും യൂതലസ് വാദിച്ചു. പ്രൊട്ടാഗറസിന്‍റെ പ്രതിവാദം പ്രശസ്തമാണ്: താൻ (പ്രൊട്ടാഗറസ്) ഈ കേസ് ജയിച്ചാൽ യൂതലസ് ഉറപ്പായും ഫീസ് തനിക്കു തരണം. ഇനി യൂതലസാണ് കേസ് ജയിക്കുന്നതെങ്കിൽ, ആദ്യത്തെ കേസ് ജയിച്ചിട്ട് ഫീസ് കൊടുത്താൽ മതിയെന്ന നേരത്തെയുള്ള ഉടമ്പടിയനുസരിച്ച് അപ്പോഴും നൽകണം ഫീസ്. കേസ് തോറ്റാലും ജയിച്ചാലും പണം ലഭിക്കുന്ന ബുദ്ധി! ഈ ബുദ്ധിയുടെയും പണത്തോടുള്ള പ്രേമത്തിന്‍റെയും ചിത്രമാണ് സോഫിസ്റ്റുകളെക്കുറിച്ച് പ്ലേറ്റോയും സെനോഫനും നമുക്ക് നൽകുന്നത്. സോഫിസ്റ്റുകളെ ഏറ്റവും കഠിനമായി വിമർശിച്ചിട്ടുള്ള ഗ്രീക്കു ചരിത്രകാരനാണ് സെനോഫൻ. സോഫിസ്റ്റുകൾ വിശാലമായ അറിവിന്‍റെ ഉടമകളായിരുന്നു. പ്രതിഫലം പറ്റിയിരുന്നു എന്നത് ഒരു തെറ്റല്ല. മുഖം മൂടിയില്ലാതെ നേരിട്ട് പണം ചോദിച്ചുവാങ്ങുന്ന രീതി സത്യസന്ധതയുടെയും ധൈര്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും പ്രൊഫഷണലിസത്തിന്‍റെയും തെളിവായി കണക്കാക്കാം. വെറും നേരമ്പോക്കായും ഒരു ദിവാസ്വപ്നവിഷയമായും മറ്റും അതുവരെ കരുതപ്പെട്ടിരുന്ന തത്വശാസ്ത്രം ഇതോടെ ഒരു തൊഴിൽമേഖല എന്ന പദവിക്കർഹമായി.
സ്വന്തം ജീവിതദൈർഘ്യത്തിലേറെയും ആഥൻസിൽ ചെലവഴിച്ച പ്രൊട്ടാഗറസ് സമകാലികചിന്തയെ ഏറെ സ്വാധീനിച്ചു. അക്കാലത്തെ ചിന്താവിഷയങ്ങൾ രാഷ്ട്രീയപരവും നീതിശാസ്ത്രപരവുമായ ചോദ്യങ്ങളായിരുന്നു. പ്ലേറ്റോ തന്‍റെ ഡയലോഗുകളിൽ ഒന്നിനു നൽകിയിരിക്കുന്ന പേര് പ്രൊട്ടാഗറസ് എന്നത്രെ. നാൽപ്പതു വർഷത്തിലധികം പഠിപ്പിച്ചു പ്രൊട്ടാഗറസ്. 'മനുഷ്യനാണ് എല്ലാറ്റിന്‍റെയും അളവുകോൽ' [Homo mensura] എന്ന തന്‍റെ പ്രമാണവാക്യത്തിന്‍റെ പേരിലാണ് പ്രൊട്ടാഗറസ് ഇന്ന് ഏറെ പ്രശസ്തൻ. അദ്ധ്യാപനത്തിൽ നിന്ന് പ്രശസ്തിയും ധനവും ആവശ്യത്തിലധികം നേടിയ പ്രൊട്ടാഗറസ് ഇറ്റലിയിലെ ഗ്രീക്കുകോളനിയായ 'തുരി' -യിലെ നിയമോപദേശകനായി നിയമിക്കപ്പെട്ടു. യാഥാസ്ഥിതികമായ സദാചാര ആശയങ്ങളായിരുന്നു ഈ ചിന്തകന്റേത്. 'ദൈവങ്ങളെ സംബന്ധിച്ച് ' എന്ന തന്‍റെ കൃതിയിൽ ഒരു ആജ്ഞേയവാദിയുടെ (ആത്യന്തികസത്യം അല്ലെങ്കിൽ ദൈവം എന്നത് മനുഷ്യബുദ്ധിക്ക് ഗ്രഹിക്കാനാകുന്നതിനും അപ്പുറമാണ് എന്ന വാദം) ചിന്ത ആവിഷ്കരിച്ചു പ്രൊട്ടാഗറസ്. ഇതേ തുടർന്ന് നിരീശ്വരവാദം എന്ന കുറ്റം ആരോപിച്ച്, എഴുതിയിട്ടുള്ള പുസ്തകങ്ങൾ പൊതുമധ്യത്തിൽ കത്തിച്ച്, പ്രൊട്ടാഗറസിനെ 415- ബി.സി.യിൽ ആഥൻസിൽനിന്ന് നാടുകടത്തി. അഞ്ചു വർഷങ്ങൾക്കു ശേഷം പ്രൊട്ടാഗറസ് മരിച്ചു. പ്ലേറ്റോയുടെ 'പ്രൊട്ടാഗറസ്' എന്ന ഡയലോഗിലെ ഒരു ഭാഗത്തിന്‍റെ സ്വതന്ത്രപരിഭാഷ താഴെ കൊടുക്കുന്നു:
സോക്രട്ടീസ്: "ഒരു മറവിക്കാരനായതു കൊണ്ട്, പ്രൊട്ടാഗറസ്, നീളമേറിയ പ്രസ്താവനകളുടെ സാന്നിധ്യത്തിൽ തർക്കത്തിലെ പ്രധാന ആശയം ഞാൻ മറക്കാനിടവരുന്നു. എനിക്ക് കേൾവിക്കുറവാണെന്നിരിക്കട്ടെ, എന്നാൽ താങ്കൾക്ക് എന്നോട് സംഭാഷണത്തിലേർപ്പെടുകയും വേണം. അങ്ങനെയുള്ളപ്പോൾ താങ്കൾ സാധാരണ രീതിയിലുള്ളതിനേക്കാൾ ഉച്ചത്തിൽ സംസാരിക്കുമല്ലോ? ഇതിനു സമാനമായ രീതിയിൽ ഓർമ്മശക്തി കുറഞ്ഞ ഒരാളുമായിട്ടാണ് ഇപ്പോൾ താങ്കൾ സംസാരിക്കുന്നത്. ദയവുചെയ്ത് താങ്കളുടെ ഉത്തരങ്ങളുടെ ദൈർഘ്യം കുറച്ച് അവ എനിക്ക് മനസ്സിലാകുംവിധമാക്കുമല്ലോ?"
പ്രൊട്ടാഗറസ്: "എന്‍റെ ഉത്തരങ്ങൾ ചുരുക്കുക എന്നു പറയുന്നതുകൊണ്ട് താങ്കളെന്താണ് അർത്ഥമാക്കുന്നത്? വേണ്ടതിലധികം അവയെ ഞാൻ വെട്ടിച്ചുരുക്കേണ്ടതുണ്ടോ?
സോക്രട്ടീസ്: "തീർച്ചയായും വേണ്ട."
പ്രൊട്ടാഗറസ്: " ആവശ്യത്തിനനുസരിച്ച് ചുരുക്കണമെന്നാകും, അപ്പോൾ?"
സോക്രട്ടീസ്: "അതെ."
പ്രൊട്ടാഗറസ്: " അങ്ങനെയാകുമ്പോൾ എന്‍റെ ഉത്തരങ്ങൾ ആവശ്യത്തിനെന്ന് ഞാൻ ചിന്തിക്കുന്നതുപോലെ ചുരുക്കണോ അതോ ആവശ്യത്തിനെന്ന് താങ്കൾ ചിന്തിക്കുന്നതുപോലെ ചുരുക്കണോ?"

******************************
.