ചുറ്റുമുള്ള ലോകത്തെ നിർവ്വചിക്കുന്നതിലായിരുന്നു ഹെരാക്ലൈറ്റസ് ആദ്യം ശ്രദ്ധയൂന്നിയതെങ്കിലും മനുഷ്യർ സമൂഹത്തിൽ ഒത്തൊരുമയോടെ ജീവിക്കേണ്ടതിന്‍റെ പ്രാധാന്യം ഇദ്ദേഹം വൈകാതെ മനസ്സമാക്കി. എല്ലാ വസ്തുക്കളും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതിനും എല്ലാ സ്വാഭാവിക സംഭവങ്ങളുണ്ടാകുന്നതിനും കാരണമായ സാർവ്വത്രികപ്രമാണം എന്തെന്നു മനസ്സിലാക്കാതെ ഏതാണ്ടെല്ലാ മനുഷ്യരും തന്നെ ലോകത്തെക്കുറിച്ചുള്ള അബദ്ധധാരണകളോടെ സ്വപ്നവിഹാരികളായി ജീവിക്കുന്നു. ഈ സാർവ്വത്രിക പ്രമാണത്തെ 'ലോഗോസ്' എന്നാണ് ഹെരാക്ലൈറ്റസ് വിളിക്കുന്നത്. യുക്തി, പദ്ധതി എന്നൊക്കെയാണ് ഗ്രീക്കുഭാഷയിൽ ഇതിനർത്ഥം. മനുഷ്യ ചിന്തയിലെ ക്രമം പ്രപഞ്ചഘടനയിലുമുണ്ടെന്നു വിശ്വസിച്ചു ഹെരാക്ലൈറ്റസ്. ഈ ക്രമത്തിന്റെ മൂർത്തരൂപമായി ഹെരാക്ലൈറ്റസ് എടുത്തു കാണിക്കുന്നത് വിരുദ്ധ സ്വഭാവമുള്ള വസ്തുക്കളിൽ അന്തർലീനമായിരിക്കുന്ന 'ചേർച്ച' എന്ന പ്രതിഭാസത്തെയതെ. ഉദാഹരണത്തിന് രോഗവും ആരോഗ്യവും -- പരസ്പരം നിർവ്വചിക്കുന്നു ഇവ. നന്മയും തിന്മയും ചൂടും തണുപ്പും എന്നിങ്ങനെ വിരുദ്ധ ഗുണങ്ങളെല്ലാം തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നവയത്രെ. ഇതു കൂടാതെ ഒരേ പദാർത്ഥം തന്നെ വ്യത്യസ്ത കാഴ്ചപാടിൽ വിരുദ്ധസ്വഭാവങ്ങൾ കൈവരിക്കുന്നുമുണ്ട് -- സമുദ്രജലം ഒരേ സമയം മനുഷ്യന് ഹാനികരവും മത്സ്യത്തിനു ഗുണപ്രദവും ആണല്ലോ? തമ്മിൽ അകന്നു പൊയ്ക്കൊണ്ടിരിക്കുന്ന ക്രമരഹിതമായ വസ്തുക്കൾ നിറഞ്ഞതെന്നു തോന്നിപ്പിക്കുന്ന പ്രപഞ്ചത്തിന്‍റെ സ്വഭാവത്തെ വിജയകരമായി മറികടക്കാൻ 'വൈരുധ്യങ്ങളിലെ ചേർച്ച' എന്ന സ്വന്തം തത്വം ഹെരാക്ലൈറ്റസിനെ പ്രാപ്തനാക്കി.
ലോകം അവിഭാജ്യവും അനുരൂപവുമായ ഒരു വ്യവസ്ഥയായിട്ടാണ് നിലനിൽക്കുന്നതെന്നും ഒരു ദിശയിലുള്ള മാറ്റം മറുദിശയിലുള്ള മാറ്റത്തെ തുടർന്ന് ആത്യന്തികമായി തുലനാവസ്ഥയിലെത്തുമെന്നും വിശ്വസിച്ചു ഹെരാക്ലൈറ്റസ്. രണ്ടു വസ്തുക്കൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന ഒരു ചേർച്ചയുണ്ട്. അതുകൊണ്ടുതന്നെ വസ്തുക്കൾ തമ്മിൽ വേർപെട്ട് അകലുന്നെന്ന് പ്രത്യക്ഷത്തിൽ തോന്നുമ്പോഴും അവ യഥാർത്ഥത്തിൽ പരസ്പരം അടുക്കുകയത്രെ ചെയ്യുന്നത്. എല്ലാ വസ്തുക്കളെയും ഒന്നിപ്പിക്കുന്ന സാരവത്തായ പദാർത്ഥം അഗ്നിയത്രെ. അനശ്വരമായ അഗ്നിയാണ് ലോകക്രമം എന്നെഴുതിവച്ചു ഹെരാക്ലൈറ്റസ്. ഇന്ധനം, ജ്വാല, പുക എന്നിവ കൂടാതെ സൂക്ഷ്മാകാശത്തെയും (ether) ഹെരാക്ലൈറ്റസ് അഗ്നിയുടെ സാക്ഷാത്കാരമായി കണ്ടു. സൂക്ഷ്മാകാശത്തിന്‍റെ ഒരു ഭാഗം അഥവാ ശുദ്ധാഗ്നി സമുദ്രമായി പരിണമിക്കുന്നു -- ഊഹപ്രകാരം മഴയായും. ഈ സമുദ്രത്തിന്‍റെ ഒരു ഭാഗം 'കര'യായി മാറുന്നു. അതേനേരം സമുദ്രത്തിന്‍റെയും ഭൂമിയുടേയും എല്ലായിടത്തുമുള്ള അതേ പിണ്ഡം സമുദ്രത്തിന്‍റെയും അഗ്നിയുടെയും അതാത് ഭാഗങ്ങളായി തിരികെ മാറുന്നു. ഒരു ചാക്രിക പ്രതിഭാസമായി തുടരുന്നു ഇത്. തുടർന്നുണ്ടാകുന്ന ചലനാത്മകമായ സമതുലിതാവസ്ഥയത്രെ ലോകത്തിന്‍റെ ബാലൻസ് കാത്തുസൂക്ഷിക്കുന്നത്. വസ്തുക്കൾ തമ്മിലുള്ള ചേർച്ചയിലെ ഈ നിർബന്ധസ്വഭാവത്തെ (മാറ്റമെന്ന പ്രതിഭാസം തുടർന്നുകൊണ്ടിരിക്കുമെങ്കിലും) ജീവിതത്തെ ഒരു നദിയോട് ഉപമിക്കുന്നതിലൂടെ മനോഹരമായി ചിത്രീകരിക്കുന്നു ഹെരാക്ലൈറ്റസ്. ഒരു നദിയിലെ ജലം പോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു മനുഷ്യജീവിതം. മാറ്റം അനസ്യൂതമാണെങ്കിലും നദി നദിയായിത്തന്നെ നിലകൊള്ളുന്നു. ഒഴുകിപ്പോകൽ ഒഴുകിച്ചേരലാണ് -- ഹെരാക്ലൈറ്റസ് ഇങ്ങനെ വിശ്വസിച്ചു.
ഇന്ദ്രിയങ്ങൾക്ക് ഏതുവിധത്തിൽ വെളിപ്പെട്ടെന്നാലും എല്ലാവസ്തുക്കളും സുസ്ഥിരമായ ഒരു പ്രവാഹത്തിലാണ് എന്ന അർത്ഥമത്രെ ഈ ഉപമയിൽ നിന്ന് പിന്നീട് പ്ലേറ്റോ ഗ്രഹിച്ചത്. അന്നത്തെ സമൂഹത്തിന് അപ്രിയനായിരുന്നു ഹെരാക്ലൈറ്റസ്. തൊട്ടുപിന്നാലെ വന്ന ജീവചരിത്രകാരന്മാരാൽ തിരസ്കരിക്കപ്പെടുകയും ചെയ്തു ഈ ചിന്തകൻ. എന്നാലിന്ന് ലോകം ഹെരാക്ലൈറ്റസിനു അർഹമായ സ്ഥാനം ചിന്തയുടെ ചരിത്രത്തിൽ വഹിച്ച പങ്കിനെ അടിസ്ഥാനമാക്കി നൽകുന്നു.