തേയിലീസ് |
ഇന്നത്തെ തുർക്കിയിലുള്ള മൈലീറ്റസിന്‍റെ തുറമുഖത്താണ് തേയിലീസ് വളർന്നത്. പുരാതന ഗ്രീസിൽ ശാസ്ത്രത്തിന്‍റെയും തത്വചിന്തയുടെയും വളർച്ചാകേന്ദ്രമായിരുന്നു മൈലീറ്റസ്. ഉദ്ഘാടകൻ എന്ന സ്ഥാനമാണ് പാശ്ചാത്യ തത്വചിന്തയിൽ തേയിലീസിനുള്ളത്. ' 'ജ്ഞാനത്തിന്‍റെ കാമുകൻ' എന്നർത്ഥംവരുന്ന ഫിലോസർ എന്ന വാക്ക് ഉരുത്തിരിഞ്ഞുണ്ടാകുന്നതിനും മുമ്പാണ് തേയിലീസിന്‍റെ ജീവിതകാലം . പിരമിഡിന്‍റെ ഉയരമളക്കുക, കരയിൽ നിന്നുകൊണ്ട് കടലിൽ എത്ര ദൂരത്താണ് കപ്പൽ എന്നു തിട്ടപ്പെടുത്തുക തുടങ്ങിയ ബാബിലോണിയക്കാരിൽ നിന്നു മനസ്സിലാക്കിയ ഗണിതശാസ്ത്ര വിജ്ഞാനം തേയിലീസ് പ്രായോഗികതലത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. 'ഏഴു വൈജ്ഞാനികർ ' എന്നർത്ഥം വരുന്ന 'സോഫോയ്' എന്ന സംഘത്തിലെ അംഗമായിരുന്നു താൻ എന്നതിനാൽ തേയിലീസിനു തന്റേതായ സംഭാവന സമൂഹത്തിനു നൽകേണ്ടിയിരുന്നു. സൂര്യഗ്രഹണം പ്രവചിച്ചതിന്റെ ബഹുമതിയും തേയിലീസിനാണെങ്കിലും ബാബിലോണിയരുടെ അടിസ്ഥാന ജ്യോതിശാസ്ത്ര പ്രമാണങ്ങളിലൊന്നിന്‍റെ സ്വാഭാവിക വിവരണം നൽകുക മാത്രമായിരുന്നിരിക്കണം തേയിലീസ്. അരിസ്റ്റോട്ടിലും ചരിത്രകാരനായ ഹെറോഡോട്ടസും നൽകുന്ന വിവരണത്തിൽ നിന്നുമാണ് ഈ ചിന്തകന്റെ പശ്ചാത്തലം നമ്മുക്ക് ലഭ്യമാകുന്നത്.
ലോകത്തിന്‍റെ അടിസ്ഥാന സ്വഭാവം ജലം ആണെന്നു തേയിലീസ് പറഞ്ഞു. പറഞ്ഞു വച്ച കാര്യങ്ങളേക്കാൾ തന്റെ ചിന്തയുടെ രീതിയാണ് ഈ ചിന്തകന് പ്രാധാന്യം നൽകുന്നത് . മനുഷ്യന്‍റെ ഛായയിലുള്ള ഹോമേറിയൻ ദൈവങ്ങളെ പൂർണ്ണമായി മാറ്റി നിർത്തി ലോകത്തിന്‍റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ച ആദ്യ ചിന്തകനത്രെ തേയിലീസ്. ചുറ്റിലും താൻ നിരീക്ഷിച്ച വ്യത്യസ്ത പ്രതിഭാസങ്ങളെ വിശദീകരിക്കാൻ പ്രാപ്തമായ ഒരു അടിസ്ഥാന പ്രമാണത്തെ തിരഞ്ഞു, ഈ ചിന്തകൻ. ഒരളവുവരെ തേയിലീസിനുള്ളതാണ് ആദ്യപ്രകൃതി ശാസ്ത്രജ്ഞനെന്നുള്ള ബഹുമതിയും.
മറ്റു ചില ആധുനിക വശങ്ങൾ കൂടിയുണ്ടായിരുന്നു തേയിലീസിൽ. ഒരു വ്യവസായ സംരംഭകനെ പോലെ, എണ്ണ ആട്ടുന്ന യന്ത്രങ്ങളിൽ ധാരാളം പണം നിക്ഷേപിക്കുകയും തൊട്ടുപിറകെ വന്ന കനത്ത ഒലീവ് വിളവെടുപ്പിൽ ധാരാളം പണം സമ്പാദിക്കുകയും ചെയ്തു. പുരാതന ഗ്രീസിൽ നിലനിന്നിരുന്ന സാഹചര്യത്തിൽ മുഴുവൻ സമയവും ശാസ്ത്ര പരീക്ഷണത്തിനും തത്വചിന്തയ്ക്കുമായി മാറ്റി വയ്ക്കാൻ ഒരു സമ്പന്നനു മാത്രമേ കഴിയുമായിരുന്നുള്ളൂ.
'ജലം' ആയിരുന്നു ജീവന്‍റെയും ഭൗതിക ലോകത്തിന്‍റെയും പ്രഥമ പ്രമാണം എന്നതാണ് തേയിലീസിന്‍റെ തത്വചിന്തയുടെ സംഗ്രഹം. ബാഷ്പീകരണം വഴി ജലത്തിന് ആവിയാകാനും തണുത്തുറഞ്ഞ് ഘന ദ്രവ്യമാകാനും കഴിയുമെന്നും കൂടാതെ എല്ലാ ജീവനും ആവശ്യമായിരിക്കുന്നതും ആശ്രയിക്കുന്നതും 'നനവ്' ആണെന്ന് നിരീക്ഷിച്ചറിഞ്ഞതോടെ സ്വാഭാവിക ലോകത്തിനു പിന്നിലെ അടിസ്ഥാന പ്രമാണമായി തേയിലീസ് ജലത്തെ പ്രതിഷ്ഠിച്ചു. ഏതാണ്ട് മരത്തടിയെപ്പോലെ തന്നെ പ്ലവനശേഷി ഭൂമിക്കുമുണ്ടെന്നു വിശ്വസിച്ചു തേയിലീസെന്നു പറയുന്നു അരിസ്റ്റോട്ടിൽ. അതായത്, ഭൂമി ഒരു തടി കണക്കെ, കപ്പൽ കണക്കെ ജലത്തിൽ പൊങ്ങിയൊഴുകുകയാണ്! തേയിലീസിന്റെ ഈ തിയറിക്ക് മാതൃകയും തെളിവുമൊക്കെ മിലേറ്റസിലെ നാവികരുടെ സാക്ഷ്യമത്രെ. ഭൂമിക്കടിയിലുള്ള തിരമാലകൾ ഭൂമിയെ ഇളക്കുന്നതാണ് ഭൂമികുലുക്കമെന്നു വിശ്വസിച്ചു തേയിലീസ്. മിലേറ്റസ് തുറമുഖത്ത് എക്കൽ അഥവാ ഊറൽ മണ്ണ് അടിഞ്ഞുകൂടുന്ന പ്രതിഭാസം നിരീക്ഷിച്ചു കൊണ്ടിരുന്നിരിക്കാവുന്ന തേയിലീസ് ജലത്തിൽ നിന്ന് സ്വാഭാവികമായി ഭൂമിയുണ്ടാകുന്നെന്ന്, പതിനെട്ടാം നൂറ്റാണ്ടുവരെ ആളുകൾ വിശ്വസിച്ചിരുന്നതു പോലെ, വിശ്വസിച്ചതാകണം.
ഗ്രീക്കു ദൈവങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ ലോകത്തിന്‍റെ അടിസ്ഥാന പ്രമാണമായി കരുതുന്നതിനു പകരം ദൃഷ്ടിഗോചരമായ പ്രതിഭാസങ്ങൾക്ക് സ്വാഭാവിക വിശദീകരണം നൽകാൻ ശ്രമിച്ചു തേയിലീസ്. എല്ലാ വസ്തുക്കളിലും ദൈവമുണ്ടെന്നു വാദിച്ചു. ലോകത്തിന്റെ മനസ്സാണ് ദൈവം. വസ്തുക്കളിലെല്ലാം ഉളളടങ്ങിയിരിക്കുന്നു ദൈവമെന്ന പ്രതിഭാസം. തേയിലീസിന്‍റെ ചിന്തകൾ പ്രത്യക്ഷത്തിൽ തന്നെ യുക്തിക്ക് നിരക്കാത്തതാണെങ്കിലും മതം, ശാസ്ത്രം, തത്വചിന്ത എന്നിവയിലെല്ലാം വരാനിരുന്ന പല ആശയങ്ങളും ഈ ചിന്തകൻ തുടങ്ങി വച്ചു. മിത്തുകളിൽ നിന്നും അടർത്തിമാറ്റി ലോകോൽപ്പത്തിയുടെ കാരണം തേയിലീസ് ആരാഞ്ഞത് യഥാർത്ഥത്തിൽ പാശ്ചാത്യ തത്വശാസ്ത്രത്തിന്‍റെ ഉദ്ഘാടനമായി മാറി.