ഒരു ദേവതയാണ് സത്യം തനിക്കു വെളിപ്പെടുത്തിയതെന്ന് അവകാശപ്പെട്ട പർമീനിഡീസ്, ഉള്ളതിനെ സംബന്ധിച്ചത് എന്നും ഇല്ലാത്തതിനെ സംബന്ധിച്ചത് എന്നും അന്വേഷണത്തെ രണ്ടായി തരം തിരിച്ചു. ഇല്ലാത്തതിനെ സംബന്ധിച്ച അന്വേഷണം അസാധ്യമാണ്. കാരണം, അതറിയാനോ ഉച്ചരിക്കാനോ പോലുമാകില്ല -- എന്തുകൊണ്ടെന്നാൽ ചിന്തിക്കുന്ന നിമിഷം തന്നെ അത് ഉള്ളതിനെക്കുറിച്ചുള അന്വേഷണമാകും. ഇതിനെ ഇങ്ങനെ വിവരിക്കാം:
'യൂനികോൺ ' (മിത്തുകളിലെ ഒറ്റക്കൊമ്പുള്ള കുതിര ) ഇല്ലാത്ത ഒന്നാണെങ്കിലും ഈ പേരു പറയുമ്പോൾ എന്തിനെയോ പറ്റി നാം ചിന്തിക്കുന്നു. അതു കൊണ്ട് 'യൂനികോൺ' എന്ന ആശയം മനസ്സിൽ വരുന്നു. ആയതിനാൽതന്നെ 'യൂനികോൺ' നിലനിൽക്കാത്ത ഒന്നാണെന്നു പറയാൻ സാധ്യമല്ല. കാരണം ഇല്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിക്കാനാവില്ലല്ലോ? ഈ വാദം പ്രധാനമായും രണ്ടുസങ്കീർണ്ണ പ്രശ്നങ്ങളിലേക്കാണെത്തുക. ഒന്നാമതായി, നിലനിൽക്കുക എന്നതുകൊണ്ട് ഇവിടെ എന്താണുദ്ദേശിക്കുന്നത്? ലോകത്തിൽ നിലനിൽക്കുന്നതും മനസ്സിൽ നിലനിൽക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്? പിന്നീട് ഈ ചോദ്യങ്ങൾ തത്വശാസ്ത്രത്തിന്റെ ചരിത്രത്തിലുടനീളം വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെട്ടു; 1500- വർഷങ്ങൾക്കു ശേഷം ആൻസ് ലെം എന്ന ചിന്തകന്റെ സത്താമീംമാസയിൽ (Ontology) പ്രത്യേകിച്ചും. ചിന്തയും വാക്കും വസ്തുവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന ചോദ്യമത്രെ രണ്ടാമത്തേത്. പർമീനിഡീസിൽ നിന്നു തുടങ്ങിയ ഈ ചർച്ചയിൽ പിന്നീടുവന്ന ഏതാണ്ടെല്ലാ പ്രധാന തത്വചിന്തകരും പങ്കെടുത്തു. ഇതിൽ ഇരുപതാം നൂറ്റാണ്ടിലെ ചിന്തകരായ ബെട്രൻഡ് റസ്സൽ, ലുഡ് വിഗ് വിഗ്ഗെൻസ്റ്റെയിൻ, ഡബ്ല്യൂ. വി. ക്വൈൻ എന്നിവരും ഉൾപ്പെടുന്നു.
മാറ്റം എന്നുള്ളത് അസാധ്യമാണെന്നു വിശ്വസിച്ചു, പർമീനിഡീസ്. ഭാവിയിൽ നിലവിൽ വരാനിരിക്കുന്ന എന്തിനെയെങ്കിലും പറ്റി ഒരാൾക്ക് ചിന്തിക്കാൻ കഴിയുന്നെങ്കിൽ അതിനർത്ഥം അത് വർത്തമാനകാലത്തിൽ അയാളുടെ മനസ്സിൽ നിലനിൽക്കുന്നെന്നത്രെ. മരിച്ചു പോയവർ, കഴിഞ്ഞു പോയ കാര്യങ്ങൾ എന്നിവ ഓർമ്മിക്കാൻ ഒരാൾക്കു സാധിച്ചാൽ അതിനർത്ഥം അക്കാര്യങ്ങൾ അയാളുടെ മനസ്സിൽ ആ സമയം നിലനിൽക്കുന്നു എന്നു തന്നെയാണ്. ആയതിനാൽ വരാനിരിക്കുന്നതും കടന്നു പോകുന്നതും എന്ന രീതിയിലുള്ള കാഴ്ചപ്പാട് തെറ്റാണ്. ഏകവും, മാറ്റമില്ലാത്തതും, അനശ്വരവുമാണ് സകലതും.