ദൈവത്തിന്‍റെ കൈ

ആര്‍നോള്‍ഡ്
ഷ്വാസനഗറിന്‍റെ കൈത്തണ്ടകള്‍ മുഴച്ചുനില്‍ക്കുന്ന ഇംഗ്ലീഷ് സിനിമയും
കണ്ടിറങ്ങുമ്പോള്‍ അടുത്തദിവസം തന്നെ ജിംനേഷ്യത്തി ല്‍ ചേര്‍ന്നാലെന്തെന്നു
അയാള്‍ വെറുതെ ചിന്തിച്ചു. സെക്കന്‍ഡ് ഷോ കാണുന്നതാണ്
വായന കഴിഞ്ഞാല്‍ അയാളുടെ പ്രധാനവിനോദം. സെക്കന്‍ഡ്ഷോക്കു പോകുന്നതുകൊണ്ട് ഒരുദിവസം
തീരെ നഷ്ടപ്പെടുന്നില്ല. പകലിന്‍റെ
കടമകളും സായാഹ്നത്തിലെ സൗഹൃദവും കഴിഞ്ഞ് സ്വസ്ഥമായി വെള്ളിത്തിരയില്‍ ഉറ്റുനോക്കി
ഇരിക്കാം.
അയാളുടെ വീട്ടിലേക്കു തിയേറ്ററില്‍ നിന്നും നടന്നെത്താവുന്ന
ദൂരമാണ്. റയില്‍പാളത്തിനു വശത്തുള്ള മഞ്ഞുനനച്ച
പുല്‍ചെടികള്‍ നിറഞ്ഞ വഴിയിലൂടെ ടോര്‍ച്ചുതെളിച്ച് രാത്രികളില്‍ നടക്കുമ്പോള്‍
വലിയ ഏകാന്തത അയാള്‍ ആസ്വദിച്ചിരുന്നു.
വല്ലപ്പോഴും കടന്നുപോകുന്ന ട്രെയിനുകള്‍ മാത്രം കുറച്ചുനേരം സ്വസ്ഥത
അപഹരിച്ചു.
പിന്നില്‍നിന്നും ട്രെയിനിന്‍റെ ഇരമ്പലും വെളിച്ചവും
അടുത്തുവന്നപ്പോള്‍ അയാള്‍ ഒതുങ്ങിനിന്നു.
ഇനി താന്‍ നടന്നുതീര്‍ക്കേണ്ട വഴികളില്‍ വെളിച്ചം വീഴ്ത്തി ട്രെയിന്‍
കടന്നുപോകുന്നതിനായി അയാള്‍ കാത്തു. പൊടുന്നനെ
കണ്ടകാഴ്ച്ചയി ല്‍ അയാള്‍ നടുങ്ങി. ട്രെയിനിന്‍റെ ഹോണ്‍മുഴക്കം ഒരു വലിയ
വിലാപസ്വരമായി. ഡ്രൈവറും പാളങ്ങള്‍ക്കു നടുവി ല്‍ നിന്നിരുന്ന യുവതിയെ
കണ്ടിരിക്കണം. പുറം തിരിഞ്ഞാണ് അവള്‍
നിന്നത്. ജീവിതത്തില്‍ നിന്നുമുള്ള
പുറംതിരിഞ്ഞു നില്‍പ്പില്‍ അവളുടെ മുടിയഴകുമാത്രം വെളിപ്പെട്ടു.

ട്രെയിന് ആശ്വാസത്തിന്‍റെ നെടുവീര്‍പ്പോടെ
കടന്നുപോയി. വീണ്ടും ഇരുട്ട്. നിലാവെളിച്ചം ചെറുതായി ഉണ്ടായിരുന്നെങ്കിലും
കുറച്ചുമുമ്പു കടന്നുപോയ ട്രെയിനിന്‍റെ ശക്തിയേറിയ വെളിച്ചം കാരണം അവിടം പെട്ടെന്നിരുണ്ടു. അയാള്‍ യുവതിയെ താങ്ങിഎഴുന്നേല്‍പ്പിച്ചിരുത്തി. അടുത്തുതന്നെ വീണുകിടന്ന ടോര്‍ച്ചുതെളിച്ച്
പ്രതീക്ഷക ള്‍മരിച്ച മുഖം കണ്ടനേരം അവളെ റെയില്‍
പാളങ്ങള്‍ക്കു നടുവില്‍ കണ്ടപ്പോള്‍ ഉണ്ടായതിനേക്കാളും വലിയൊരു ഞെട്ടല്‍ അയാള്‍ക്കുണ്ടായി.
സ്കൂളില്‍ അയാളുടെ അനുജത്തിക്കൊപ്പമാണ് അവള്‍
പഠിച്ചത്. വീട്ടില്‍ സ്ഥിരം സന്ദര്‍ശകയായ
അവളോട് അവസരങ്ങള്‍ സൃഷ്ട്ടിച്ച് അയാള്‍ സംസാരിച്ചുപോന്നു. അനുജത്തിയും കൂട്ടുകാരും തന്നെ കളിയാക്കി
ചിരിക്കുന്നെന്ന് അവള്‍ ഒരിക്കല്‍ പരാതി പറഞ്ഞപ്പോള്‍ ചുറ്റിലും
ആരുമില്ലെന്നുറപ്പുവരുത്തി അയാള്‍ അവളെ ചുംബിച്ചു. പിന്നീട് അവ ള്‍ നഗരത്തിലെ കോളേജിലേക്ക്
പോയി. ശേഷം എല്ലാം അയാളറിഞ്ഞത്
പത്രങ്ങളില്‍ വായിച്ചും സുഹൃത്തുക്കള്‍ മുഖേനയുമായിരുന്നു. സുഹൃത്തിന്‍റെ കമ്പ്യൂട്ടറില്‍ കണ്ട
നഗ്നചിത്രത്തിന്‍റെ മുഖം പഴയ പെണ്‍കുട്ടിയുടെതാണെന്ന് വിശ്വസിക്കാന്‍
പ്രയാസപ്പെട്ടു. അവളെ ചതിയില്‍പ്പെടുത്തിയതാണ്...അല്ലാതെയെങ്ങനെ...
അയാള്‍ ആത്മാവില്‍ പ്രതിക്ഷേധിച്ചു കിതച്ചു.
കമ്പ്യൂട്ടര്‍ നന്ഗ്നതയില്‍ കണ്ണുംനട്ട് സുഹൃത്ത് വല്ലാത്ത കമന്റുകള്‍
പറഞ്ഞപ്പോള്‍ അയാള്‍ വിമ്മിട്ടം പുറത്തുകാണിക്കാതിരിക്കാന്‍
ബദ്ധപ്പെടുകയായിരുന്നു.
"മനസ്സിലായോ, എന്നെ?"
അയാള്‍ പതിയെ ചോദിച്ചു.
അവള്‍ അതു കേട്ടില്ല. അപ്പോഴും
കിതച്ചുകൊണ്ട് അയാളുടെ തോളില്‍ മുഖം അമര്‍ത്തി ജീവിതത്തിലേക്കു മടങ്ങുകയായിരുന്നു
അവള്‍. അയാള്‍ അവളുടെ പുറം
തടവിക്കൊടുത്തു.

പിന്നെയും വണ്ടികള്‍ കടന്നുപോയി.
ഒടുവില്‍ അയാള്‍, അവളെ അടര്‍ത്തിമാറ്റി. കിതപ്പ് മാറിയ യുവതി ശബദമില്ലാതെ കരഞ്ഞു. ചിലപ്പോള്‍ മാത്രം ഒരേങ്ങല്‍ പുറത്തേക്കു
തെറിച്ചു.
ട്രെയിന്‍ കടനുപോകുന്നതിനുള്ള സിഗ്നല്‍ ദൈവത്തിന്‍റെ
കൈപോലെ ആകശത്തേക്കുയര്‍ന്നത് അയാള്‍ കണ്ടു.
ഒരു വലിയ നിരാശ അയാളെ പൊതിഞ്ഞു.
ഒരുപക്ഷെ, ഇനിയൊരിക്കലും നേരം വെളുക്കില്ലെന്നുപോലും ചിന്തിച്ചു, അയാള്‍.
"ഇപ്പോള്‍", അയാള്‍ യാന്ത്രികമായി പറഞ്ഞു,
"ഒരു വണ്ടി വരും...സിഗ്നല്‍ കൊടുത്തിട്ടുണ്ട്."

ഒരിക്കല്‍ സ്നേഹിച്ച പെണ്‍കുട്ടിയുടെ വിളിക്കുത്തരം നല്‍കാതെ
അയാള്‍ നടന്നു. എത്രയും വേഗം
വീട്ടിലെത്തണം. ടോര്‍ച്ചിനു വെട്ടം
പോരെന്നു തോന്നി.
തിരിഞ്ഞുനോക്കുമ്പോള്‍ ആദ്യം നിന്നിടത്ത്, റെയില്‍പാളങ്ങള്‍ക്കു നടുവില്‍ പുറംതിരിഞ്ഞു അവള്‍ നില്‍ക്കുന്നത് പാഞ്ഞടുക്കുന്ന
വെളിച്ചത്തില്‍ അയാള്‍ കണ്ടു. ആകാശം
ഇടിഞ്ഞുവീണെങ്കിലെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചു അയാള്‍.
************