Pages

01756--എംപീഡൊക്ലീസ്: സ്നേഹവും സ്പർദ്ധയും പിന്നെ പ്രപഞ്ചവും.

കവി, രാഷ്ട്രതന്ത്രജ്ഞൻ, ഗ്രീക്കു തത്വചിന്തകൻ, മതാധ്യാപകൻ, ശരീരശാസ്ത്രജ്ഞൻ എന്നീ വിശേഷണങ്ങളുള്ള എംപീഡൊക്ലീസിനെ അരിസ്റ്റോട്ടിൽ അലങ്കാരശാസ്ത്രത്തിന്‍റെ
ഉപജ്ഞാതാവ് എന്നു പുകഴ്ത്തി. ഗ്രീക്കുഭിഷഗ്വരനും എഴുത്തുകാരനുമായിരുന്ന ഗാലെൻ, എംപീഡൊക്ലീസിനെ ഇറ്റാലിയൻ മെഡിസിന്‍റെ സ്ഥാപകനെന്നു വിശേഷിപ്പിച്ചു. എഴുതിയ കവിതകളുടെ പേരിൽ ഈ ചിന്തകനെ ആരാധിക്കുന്നു താനെന്നു വെളിപ്പെടുത്തി ലുക്രീഷ്യസ്.  ' പ്രകൃതിയെക്കുറിച്ച് ' എന്ന കവിതയിലെ നാന്നൂറ് വരികളും' വിശുദ്ധീകരണം' എന്നർത്ഥംവരുന്ന തലക്കെട്ടുള്ള കവിതയിലെ കുറച്ചു വരികളും മാത്രമാണ് എംപീഡൊക്ലീസിന്റേതായി ഇന്നുള്ളത്.

തെക്കുപടിഞ്ഞാറൻ സിസിലിയിലെ അഗ്രിഗെന്റോയിൽ (അന്നത്തെ പേര് അക്രഗാസ) എംപീഡൊക്ലീസ് ജീവിച്ചു. തെക്കേ ഇറ്റലിയിലെ പുരോഗമിച്ചുകൊണ്ടിരുന്ന ഗ്രീക്കുകോളനികളിൽ ഏറ്റവും മുൻപന്തിയിലായിരുന്ന അഗ്രിഗെന്റോയിലെ ഏറ്റവും പ്രമുഖനായ പൗരനായിരുന്നു എംപീഡൊക്ലീസ്. ഈ ചിന്തകനെക്കുറിച്ചുള്ള പുരാതന ജീവചരിത്രങ്ങൾ പല കഥകളും പറയുന്നുണ്ടെങ്കിലും എറ്റ്ന അഗ്നിപർവ്വതത്തിന്റെ തിളച്ചുമറിയുന്ന ക്രേറ്ററിലേക്കു (വായഭാഗം) ചാടി എംപീഡൊക്ലീസ് മരിച്ചുവെന്നും അതിന്റെ തെളിവായി തന്‍റെ ചെരിപ്പുകൾ പിന്നിൽ അഴിച്ചുവെച്ചുവെന്നുമുള്ള കഥയാണ് ഇവയിൽ ഏറ്റവും പ്രശസ്തം. കഥകളിൽ എംപീഡൊക്ലീസ് അത്ഭുതപ്രവർത്തകനും മാന്ത്രികനും ചിന്തകനും കവിയും ഭിഷഗ്വരനും മിസ്റ്റിക്കും ഒക്കെയാണ്.  എംപീഡൊക്ലീസ് ആൾക്കൂട്ടത്തിന്‍റെ ഭയഭക്തിബഹുമാനങ്ങൾ നേടിയെടുക്കുന്ന ഒരു വ്യക്തിത്വമായിരുന്നെന്നും സാധാരണക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്നെന്നുമാണ് ഈ കഥകളുടെയൊക്കെ സാരം. പൈഥാഗറസിന്‍റെ ജീവിതശൈലിയും ആശയങ്ങളും എംപീഡൊക്ലീസിന്‍റെ ജീവിതത്തിലും കുറേയൊക്കെ ഉണ്ടായിരുന്നെങ്കിലും പൈഥാഗറസിൽ നിന്നും വ്യത്യസ്തമായി എംപീഡൊക്ലീസ് തന്‍റെ ചിന്തകൾ എഴുതിവച്ചു.


.






ലോകത്തെക്കുറിച്ചുള്ള തന്‍റെ ആശയങ്ങളും കാവ്യശൈലിയും എംപീഡൊക്ലീസിനെ പണ്ടുകാലത്ത് ഏറെ പ്രശസ്തനാക്കി. ഈ ചിന്തകന്‍റെ കൃതികളുടെ ഇന്നുലഭ്യമായ ഭാഗങ്ങൾ പോലും തികച്ചും അഭിനന്ദനാർഹമത്രെ. പ്രപഞ്ചക്രമം അനന്തമായ ആവർത്തനത്തലൂടെ കടന്നുപോകുന്നെന്നും ഒരുവേള എല്ലാം ഒന്നായിച്ചേർന്ന് പ്രപഞ്ചം ഏകസ്വഭാവം കൈവരിക്കുന്നെന്നും മറ്റൊരുവേള പലതായി പിരിഞ്ഞ് അനേകത്വം സ്വീകരിക്കുന്നെന്നും എംപീഡൊക്ലീസ് പറഞ്ഞുവയ്ക്കുന്നു. പർമീനിഡീസിന്‍റെ സ്വാധീനം ഉണ്ടായിരുന്നെങ്കിലും എംപീഡൊക്ലീസ് വ്യത്യസ്തമായി ചിന്തിച്ചു. അഗ്നി, കാറ്റ്, ജലം, ഭൂമി എന്നീ നാല്  അത്യന്താപേക്ഷിതമായ ചേരുവകളാൽ നിർമ്മിക്കപ്പെട്ടിരിക്കുന്നു പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങളും എന്നായിരുന്നു എംപീഡൊക്ലീസിന്‍റെ നിഗമനം. ഒന്നും തന്നെ പുതുതായി ഉണ്ടാകുകയോ പൂർണ്ണമായി നശിപ്പിക്കപ്പെടുകയോ ചെയ്യുന്നില്ല. മറിച്ച്, മാറുന്നത് വസ്തുക്കളുടെ രൂപം മാത്രം.  സ്നേഹം, സ്പർദ്ധ എന്നീ പ്രതിഭാസങ്ങളാണ് ഈ നാലു ഘടകങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നതും വിഘടിപ്പിക്കുന്നതും എന്ന് ഹെരാക്ലൈറ്റസിനെപോലെ തന്നെ എംപീഡൊക്ലീസും വിശ്വസിച്ചു. സ്പർദ്ധ വിഘടനകാരണമാകുമ്പോൾ സ്നേഹം സംയോജനകാരണമാകുന്നു. ഈ രണ്ടുശക്തികളും മേൽക്കോയ്മ പുലർത്താത്ത ഘട്ടം അഥവാ കാലയളവ് ആകുന്നു യഥാർത്ഥലോകം. ആദിയിൽ സ്നേഹത്തിനായിരുന്നു അധീശത്വം. ഇക്കാരണം കൊണ്ടുതന്നെ പദാർത്ഥങ്ങളെല്ലാം ഒട്ടിച്ചേർന്ന അവസ്ഥയിലാണുണ്ടായിരുന്നത്. എന്നാൽ പ്രപഞ്ചത്തിന്‍റെ രൂപീകരണവേളയിൽ സ്പർദ്ധ കടന്നുവരികയും അഗ്നി കാറ്റ്, ജലം, ഭൂമി എന്നീ ഘടകങ്ങളെ വേർപെടുത്തകയും ചെയ്തു. അനന്തരഫലമായി ഈ നാലുഘടകങ്ങളും ഭാഗികമായി ചിലയിടങ്ങളിൽ സമ്മിശ്രണം ചെയ്യപ്പെടുന്നു. ഭൂമി, അഗ്നി എന്നിവയുടെ സമ്മിശ്രണത്തിനുദാഹരണമാണ് അഗ്നിപർവ്വതം. ഭൂമിയും ജലവും ഒന്നു ചേരുന്നത് വെള്ളച്ചാട്ടം.

പാപം ചെയ്യുന്നവർ 30,000 വർഷങ്ങളോളം പല ശരീരങ്ങളിലായി അലഞ്ഞു തിരിയുമെന്ന്, ആത്മാക്കളുടെ ദേഹാന്തരപ്രാപ്തിയിൽ ഉറച്ചുവിശ്വസിച്ചിരുന്ന എംപീഡൊക്ലീസ് പ്രഖ്യാപിച്ചു. ഈ ശിക്ഷയിൽ നിന്നും രക്ഷപ്പെടണമെങ്കിൽ വിശുദ്ധീകരിക്കപ്പെടണം. ഒരിക്കൽ മനുഷ്യ ശരീരത്തിൽ ആവസിച്ചിട്ടുണ്ടായിരുന്നേക്കാവുന്ന ആത്മാക്കൾ കുടിയിരിക്കാൻ സാധ്യതയുള്ളതിനാൽ മൃഗങ്ങളുടെ മാംസം പൂർണ്ണമായി വർജ്ജിക്കുകയെന്നതാണ്, എംപീഡൊക്ലീസിന്‍റെ അഭിപ്രായത്തിൽ വിശുദ്ധീകരിക്കപ്പെടാനുള്ള ഒരു മാർഗ്ഗം.