Pages

01750--പൈഥാഗറസ് : സംഖ്യ മുതൽ പഥ്യാഹാരം വരെ

അയോണിയയിലെ സമോസിൽ ജനിച്ച പൈഥാഗറസ് ഗണിതശാസ്ത്രജ്ഞൻ, മത നേതാവ്, പഥ്യാഹാര ഉപദേശകൻ, മിസ്റ്റിക്  എന്നിങ്ങനെ ഒരു ബഹുമുഖപ്രതിഭയായിരുന്നു.  'സംഖ്യ ആണ് എല്ലാം' (All is number) എന്ന പൈഥാഗറസിന്റെ പ്രഖ്യാപനം ഈ ചിന്തകന്‍റെ  പ്രബോധനങ്ങളുടെ രത്നച്ചുരുക്കമാണ്. ഇതേ ആശയം തന്നെയാണ്, പ്രപഞ്ചത്തിലെ വസ്തുക്കൾ യഥാർത്ഥമല്ലെന്നും അവയ്ക്കു പിന്നിൽ മാറ്റമില്ലാത്ത ഒരാശയം (Idea) ഉണ്ടെന്നും മാറ്റമില്ലാത്ത ആശയത്തിന്‍റെ പകർപ്പാണ് വസ്തു എന്നുമുള്ള കണ്ടെത്തലിലേക്കു പ്ലേറ്റോയെ എത്തിച്ചത്.  പൈഥാഗറസിന്‍റെ 'സംഖ്യ' പ്ലേറ്റോയിലെത്തുമ്പോൾ 'ആശയം' ആയി മാറി.

സമോസിലെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിൽ തന്‍റെ ആശയങ്ങൾ പഠിപ്പിക്കാനും പ്രായോഗികതലത്തിൽ കൊണ്ടുവരാനുമാകാതെ വന്നപ്പോൾ പൈഥാഗറസ് തെക്കേഇറ്റലിയിലെ, ഗ്രീസിന്‍റെ ഒരു കോളനിയായ ക്രൊട്ടോണിലേക്കു 532 ബി.സി.യിൽ പോയി തന്‍റെ സ്കൂൾ സ്ഥാപിച്ചു അവിടെ. പഥ്യാഹാര ഉപദേശകനായിരുന്നതിനാൽ തന്‍റെ ശിഷ്യന്മാർക്ക്  ഭക്ഷണത്തെക്കുറിച്ചും ആഹരിക്കേണ്ട രീതികളെക്കുറിച്ചും വിചിത്ര നിർദ്ദേശങ്ങളടങ്ങിയ വലിയൊരു ലിസ്റ്റ് നൽകി പൈഥാഗറസ്. ബീൻസ് ബഹുമാനിക്കപ്പെടേണ്ടതും അതിനാൽ തന്നെ വർജ്ജിക്കപ്പെടേണ്ടതും ആണെന്നായിരുന്നു ഒരു നിർദ്ദേശം. പുനർജ്ജന്മം, ആത്മാവിന്‍റെ കൂടുവിട്ടു കൂടുമാറൽ (ദേഹാന്തര പ്രാപ്തി) എന്നിവയെക്കുറിച്ചു പ്രസംഗിച്ച പൈഥാഗറസ് സംഖ്യാജ്യോതിഷത്തിലുള്ള ആധുനികരുടെ വിശ്വാസത്തിനും കാരണക്കാരനാണ്. നോസ്റ്റർഡാമൂസ് സംഖ്യാജ്യോതിഷത്തെ പിന്നീട് ജനകീയമാക്കി. ക്രൊട്ടോണിലെ ജനങ്ങൾക്ക് ഒടുവിൽ ഈ പ്രബോധനങ്ങൾ അസഹ്യമായതിനെ തുടർന്ന് പൈഥാഗറസിനു നാടുവിടേണ്ടി വന്നു. മെറ്റപോണ്ടോയിൽ താമസമാക്കിയ പൈഥാഗറസ് അവിടെ വച്ചു മരിച്ചു.

മാന്ത്രിക വിദ്യകൾ കാണിക്കാനും പൈഥാഗറസ് സമയം കണ്ടെത്തിയിരുന്നെന്ന് അരിസ്റ്റോട്ടിൽ എഴുതിയിട്ടുണ്ടെങ്കിലും അവ ഏതൊക്കെയാണെന്നു പറഞ്ഞു കാണുന്നില്ല. ക്രിസ്ത്യൻ സയൻസിന്‍റെ സ്ഥാപക മിസ്സിസ് എഡ്ഡിയുടെയും ആൽബട്ട് ഐൻസ്റ്റീനിന്‍റെയും സമ്മിശ്രണമാണ് പൈഥാഗറസ് എന്ന് ബെട്രാൻഡ് റസ്സൽ ഒരിക്കൽ പറഞ്ഞു. ശാസ്ത്രവും മതവും പൈഥാഗറസിന്‍റെ വ്യക്തിത്വത്തിൽ സമ്മേളിച്ചിരുന്നതിനെയാണ് ഇതുസൂചിപ്പിക്കുന്നത്. പൈഥാഗറസ് സ്ഥാപിച്ച 'പൈഥാഗറിയൻ സാഹോദര്യം' ഒരു മത സംഘടനയായിരുന്നെങ്കിലും ഇവിടെ ഗണിതശാസ്ത്ര തത്വങ്ങളും ആശയങ്ങളും ജനിച്ചു. ആത്യന്തികസത്യത്തിന്‍റെ സ്വഭാവം ' സംഖ്യ' ആണെന്ന പൈഥാഗറിയൻ ആശയം ഉടലെടുത്തത് സംഗീതത്തെക്കുറിച്ചുള്ള സ്വന്തം തിയറിയിൽ നിന്നാണ്. സംഗീതസ്വരങ്ങൾക്കിടയിലെ ഇടവേള ആദ്യ നാലക്കങ്ങൾക്കിടയിലുള്ള അന്തരത്തിന് അനുപാതികമെന്ന രീതിയിൽ ആവിഷ്‌കരിക്കാമെന്നത്രെ ഈ തിയറിയിലൂടെ പൈഥാഗറസ് എത്തിച്ചേരുന്ന നിഗമനം. സംഗീതത്തിന് ആത്മാവിന്‍റെമേൽ പ്രത്യേക സ്വാധീനമുണ്ടെന്നു തന്‍റെ മതപ്രബോധനങ്ങളിൽ അവകാശപ്പെട്ട  പൈഥാഗറസ് ഈ വാദം പ്രപഞ്ചമെന്ന വലിയ ചട്ടക്കൂടിലേക്കും പകർത്തി.  'സംഖ്യ'യാണ് ആത്യന്തിക സത്യമെന്ന പ്രഖ്യാപനം തൊട്ടുപിറകേ വന്നു. പൈഥാഗറിയൻസ് ചില സംഖ്യാരൂപങ്ങളെ ബഹുമാനിക്കുന്നതിൽ വരെയെത്തി കാര്യങ്ങൾ -- പ്രത്യേകിച്ച് 'ട്രെക്റ്റിസ് ഓഫ് ദ ഡികാഡ്' എന്ന സംഖ്യാ മാതൃകയെ. പത്ത് കുത്തുകൾ കൊണ്ടു നിർമ്മിതമായ ത്രികോണാകൃതിയിലുള്ള, ആദ്യ നാല് സംഖ്യകളെ പ്രതിനിധാനം ചെയ്യുന്ന
ട്രെക്റ്റിസ്
ഒരു ഡയഗ്രമത്രെ ട്രെക്റ്റിസ്.




ട്രെക്റ്റിസും പത്ത് എന്ന അക്കവും പൈഥാഗറിയൻസിന്റെ ആരാധനാ വസ്തുക്കളായി. പൈഥാഗറിയൻ ചിന്തയിൽ പത്ത് എന്ന അക്കം പൂർണ്ണതയുള്ളതാണ്, കാരണം 1, 2, 3, 4 എന്നീ ആദ്യ നാലക്കങ്ങളുടെ ആകെത്തുകയാണ് പത്ത്.  1 = ബിന്ദു, 2 = രേഖ, 3 = പ്രതലം, 4 = ഘനദ്രവ്യം എന്നിങ്ങനെ ഈ സംഖ്യകൾ അടിസ്ഥാന ആശയങ്ങളെ പ്രതിനിധീകരിക്കുന്നു. അഞ്ച് ഗ്രഹങ്ങൾ, സൂര്യൻ, ചന്ദ്രൻ, ഭൂമി, എതിർ ഭൂമി (counter-Earth), ഇവയെല്ലാം വലം വയ്ക്കുന്ന നടുവിലെ അഗ്നി എന്നിങ്ങനെ ആകെ പത്ത് ആകാശ പ്രതിഭാസങ്ങൾ ഉണ്ടെന്നു വിശ്വസിച്ചു ഇവർ.   ഇതും പത്ത് എന്ന അക്കത്തിന്‍റെ പ്രാധാന്യം കാണിക്കുന്നു.

പൈഥാഗറസിന്‍റെ മരണശേഷം 'പൈഥാഗറിയൻ സാഹോദര്യം' രണ്ടു വിഭാഗങ്ങളായി തിരിഞ്ഞു. ഒരു വിഭാഗം പൈഥാഗറസിന്‍റെ മതപ്രബോധനങ്ങളും മിസ്റ്റിസവും തങ്ങളുടെ വഴിയായി തെരഞ്ഞെടുത്തു. രണ്ടാമത്തെ കൂട്ടർ പൈഥാഗറസിന്‍റെ ശാസ്ത്ര, ഗണിതശാസ്ത്ര ഉൾവിളികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ശിഷ്യന്മാർ പലരും തങ്ങളുടെ കണ്ടുപിടുത്തങ്ങളെ അവയുടെ സ്വീകാര്യതയ്ക്കു വേണ്ടി ഗുരുവായ പൈഥാഗറസിന്‍റെ പേരിലാണ് പ്രചരിപ്പിച്ചത്. ഇന്നു നമ്മൾ പൈഥാഗറസിന്‍റെതെന്നു പറയുന്ന പല ഗണിതശാസ്ത്ര തത്വങ്ങളും പൈഥാഗറസിന്‍റെ മരണശേഷം ശിഷ്യന്മാർ രൂപപ്പെടുത്തിയവയത്രെ. പൈഥാഗറസിന്‍റെ മരണശേഷം വർഷങ്ങളോളം അദ്ദേഹത്തിന്‍റെ ശിഷ്യന്മാർ പൈഥാഗറിനിസം പ്രചരിപ്പിച്ചു. എങ്കിലും, സംഖ്യകൾക്ക് സംഗീതത്തിലും പദാർത്ഥ നിഷ്ഠമായ ലോകത്തിലുമുള്ള നിർവ്വഹണപരമായ പ്രാധാന്യം പ്രതിപാദിക്കുന്ന തിയറി പൈഥാഗറസിന്‍റെതു തന്നെ.