Pages

01759--ല്യൂസിപ്പസ്



ല്യൂസിപ്പസ്

അരിസ്റ്റോട്ടിലും പിൻഗാമിയായ തിയോഫ്രസ്റ്റസും ആറ്റൊമിസത്തിന്‍റെ (പരമാണു സിദ്ധാന്തം) പിതാവായി കരുതിയ, ബി.സി. അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്കു തത്വചിന്തകനത്രെ  ല്യൂസിപ്പസ്. പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നത് കണികകൾ കൊണ്ടാണെന്ന വാദമാണ് ആറ്റൊമിസം.

ല്യൂസിപ്പസിന്റേതായ ബൗദ്ധിക സംഭാവനകളും ഈ ചിന്തകന്‍റെ  ശിഷ്യന്മാരിൽ ഏറ്റവും പ്രശസ്തനായ ഡെമോക്രിറ്റസിന്‍റെ ബൗദ്ധികചിന്തകളും വേർതിരിച്ചു കാണാൻ ഇന്ന ബുദ്ധിമുട്ടാണ്. പൈഥാഗറസിന്‍റെയും ശിഷ്യന്മാരുടെയും കാര്യത്തിൽ സംഭവിച്ചതിനു സമാനമാണിതും. ചരിത്രരേഖകളുടെ  അപര്യാപ്തതയാണ് ഈ അവ്യക്തതയ്ക്കു കാരണം. ല്യൂസിപ്പസിന്‍റെ രചനകളിൽ വളരെക്കുറച്ചെണ്ണത്തിന്‍റെ ഏതാനം ചില ഭാഗങ്ങൾ മാത്രമാണ് ഇന്നു ലഭ്യമായിട്ടുള്ളതെങ്കിലും 'ലോകമഹാവ്യവസ്ഥ' (The Great World System), 'മനസ്സിനെക്കുറിച്ച്' (On the Mind) എന്നീ രണ്ടു ഗ്രന്ഥങ്ങൾ ഈ ചിന്തകന്റേതായി കരുതപ്പെടുന്നു. ദ്രവ്യം ഒരേ സ്വഭാവമുള്ളതാണെങ്കിലും അവിഭാജ്യമായ അനേകം കണങ്ങളെ (particles) ഇതുൾക്കൊള്ളുന്നുവെന്ന് പ്രസ്താവിക്കുന്നു ല്യൂസിപ്പസിന്‍റെ തിയറി. സ്ഥിരമായി ചലിച്ചുകൊണ്ടിരിക്കുന്നു ഈ കണങ്ങൾ. ഇവയുടെ കൂട്ടിയിടിക്കലുകളും പുതിയ കൂട്ടുചേരലുകളും ഫലത്തിൽ പലതരം കോമ്പൗണ്ടുകളെ (കണികകളുടെ കൂടിച്ചേർന്നുള്ള അവസ്ഥ) സൃഷ്ടിക്കും. കൂട്ടിയിടിക്കുന്ന കണികകൾ ഒരു 'ചുഴി' യായി രൂപം കൊള്ളുകയും ഇവ ഒരു വ്യവസ്ഥിത ലോകത്തിനു അഥവാ പ്രപഞ്ചത്തിന് രൂപം കൊടുക്കുകയുമാണ്  ചെയ്യുന്നത്. ഒരു ഡ്രമ്മിന്‍റെ (പടഹം) ആകൃതിയിലുള്ള ഭൂമി സ്ഥിതിചെയ്യുന്നതാകട്ടെ മനുഷ്യന്‍റെ വ്യവസ്ഥിത ലോകത്തിന്‍റെ മധ്യത്തിലും  -- ഇങ്ങനെ വിശ്വസിച്ചു ല്യൂസിപ്പ സ്.



.