Pages

01745--ഒരു രാത്രി


ഒരു രാത്രി

ഒന്നും ഉദ്ദേശിച്ചല്ല രമണി പറഞ്ഞു തുടങ്ങിയത്.  അരി കഴുകി അടുപ്പത്തിടുന്നതിനിടയിലാണ് അച്ഛ ന്‍ ചുവടിളക്കത്തോടെ വന്നുകയറിയത്‌.  അമ്മ നാമം ജപിച്ചുമ്മറത്തിരുന്നു.  നടക്കുന്നതുപോലും ബുദ്ധിമുട്ടിയാണെങ്കിലും ദേവകിയമ്മയുടെ നാമജപം കേമമാണ്‌.  ഒരു സുഖത്തോടെ അതുകേട്ടുകൊണ്ടായിരിക്കും രമണി ചോറും കറിയും വെക്കുന്നത്.  രാവിലെ പാചകം ചെയ്തുവച്ചാല്‍ രാത്രി അത്താഴത്തിനിരിക്കുമ്പോ ള്‍ രണ്ടുപേരും പരാതിപറയും; പ്രായമായി, തങ്ങള്‍ക്കീ തണുത്തത് പറ്റില്ലെന്നും പിന്നെയും പലതും. അങ്ങനെ പന്ത്രണ്ടുമൈല്‍ അകലെ സ്കൂളിലെ അധ്യാപികയും വീട്ടില്‍ രണ്ടുനേരം ചോറും കറിയും വെക്കുന്ന വീട്ടുകാരിയും ആകുന്നു രമണി.

രമണിക്ക് അച്ഛ ന്‍ കരയുന്നതു കണ്ടപ്പോ ള്‍ എന്നത്തേയും പോലെ വിഷമമായി.  പതിവുപോലെ ഗുണദോഷിക്കുക മാത്രമായിരുന്നല്ലോ അവൾ. അമ്മ ഒന്നിനുമാകാതെയും അച്ഛൻ അനുസരണക്കേടു കാട്ടിയും കുട്ടികളെപ്പോലെ പെരുമാറാൻ തുടങ്ങിയിരിക്കുന്നല്ലോ എന്നോർത്ത് അത്ഭുതപ്പെട്ടു അവൾ.

അച്ഛനെന്തിനാണ് പകൽ സമയം മുഴുവൻ ചായക്കടയിൽ ചെന്നിരിക്കുന്നത്? അവിടെ പട്ടാളക്കാരൻ ചെറുപ്പക്കാരൻ കൊണ്ടുവന്ന റം എന്തിനു വാങ്ങിക്കുടിച്ചു?  മാസം എത്ര രൂപയാണ് മരുന്നിനു വേണ്ടി ചെലവാക്കുന്നതെന്നറിഞ്ഞിട്ടും കുടിക്കരുതെന്നു ഡോക്ടർ വിലക്കിയിട്ടും എന്തിനു കുടിച്ചു? ഇതൊക്കെയാണ് അരി കഴുകി തിളച്ച വെള്ളത്തിൽ ഇടുന്നതിനിടയ്‌ക്ക് ഉമ്മറപ്പടിയിൽ ചെന്നു നിന്നു കൊണ്ട് രമണി തന്‍റെ അച്ഛനോടു ചോദിച്ചത്. ജനാർദ്ദനക്കുറുപ്പ് ഒരൊറ്റ ക്കരച്ചിൽ. ദേവകിയമ്മ നാമജപം നിർത്തി. രമണി മുഖം ചുളിച്ചു.  അച്ഛൻ പറഞ്ഞു:   "ക്ഷമിക്കണം ടീച്ചറേ..."

ദേവകിയമ്മ വീണ്ടും നാമം ജപിച്ചു തുടങ്ങി. ഇതു പതിവുള്ളതാണ്. ചായക്കടയിൽ ആരെങ്കിലും ലഹരി സൽക്കരിച്ചാൽ പാട്ടും പാടിക്കൊണ്ടുള്ള മടക്കം. ഉമ്മറത്തെത്തുമ്പേഴേക്കും പാട്ടുതീരുന്നു. അടുത്ത പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ദേവകിയമ്മ നാമജപം നിർത്തുമ്പോൾ ജനാർദ്ദനക്കുറുപ്പാരംഭിക്കുന്നു. ആരാണ്, എന്തിനാണ് സൽക്കരിച്ചതെന്നും സാധനത്തിന്‍റെ രുചിയും ബ്രാൻഡുംവരെ പറഞ്ഞു കഴിയുമ്പോൾ ചോദ്യങ്ങളും കൈയിൽ കഴുകിയ അരിയുമായി രമണി ഉമ്മറപ്പടിയിലെത്തുന്നു. ജനാർദ്ദനക്കുറുപ്പ് ക്ഷമിക്കണം ടീച്ചറേയെന്നു കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തുന്നു. ഇത്രയുമായാൽ ദേവകിയമ്മക്ക് നാമജപം പുനരാരംഭിക്കാം.

രമണി കുളികഴിഞ്ഞു വന്ന് ചോറുവിളമ്പുമ്പോഴും അമ്മ നാമജപം നിർത്തിയിരുന്നില്ല.  അച്ഛൻ കസേരയിൽ തന്നെയിരുന്ന് ഉറക്കം പിടിച്ചിരുന്നു. മേശപ്പുറത്ത് പാത്രങ്ങൾ നിരത്തിയിട്ട് അമ്മയെ ചെന്നു താങ്ങിയെഴുന്നേൽപ്പിച്ചപ്പോൾ അവരുടെ ഈണത്തിലുള്ള സ്വരം മുറിയുകയും നിശ്ശബ്ദത ജനാർദ്ദനക്കുറുപ്പിനെ ഉണർത്തുകയും ചെയ്തു.

ആരും ഒന്നും മിണ്ടാതെ അത്താഴത്തിന്റെ പാതി വഴിയോളമെത്തി. "രാജേട്ടന്റെ", ഒരു യാദൃശ്ചിക വർത്തമാനം പോലെ രമണി പറഞ്ഞു, "ഭാര്യ പ്രസവിച്ചു."

രണ്ടു പേരും ഭക്ഷണം കഴിക്കുന്നത് പൊടുന്നനെ നിർത്തിയത് രമണി കണ്ടു. അമ്മയാണ് നാമജപം പോലെ ചോദിച്ചത്:

"ഏതാ കുട്ടി?"

" പെങ്കുട്ടി."

"നീയെങ്ങനെ വെവരറിഞ്ഞു ?"

" സ്കൂളിൽ എന്നെ കാണാൻ രാജേട്ടൻ വന്നു."

രമണി കഴുത്തിലെ താലി തൊട്ടു നോക്കി.  കുട്ടികളുണ്ടാകാത്ത ഉദരത്തിൽ തീക്കനൽ കോരിയിടാൻ തോന്നിയിരുന്ന നാളുകള്‍. ചികിൽസകളും ഡോക്ടർമാരും നിസ്സഹയരായപ്പോൾ ഒരു ദിനം വേർപിരിയണമെന്ന തീരുമാനം കടുപ്പിച്ച മുഖവുമായി രമണി ഭർത്താവിനു മുൻപിൽ നിന്നു. "എത്ര പേർ," അയാൾ ചോദിച്ചു, " മക്കളില്ലാതെ ജീവിക്കുന്നു?"  സ്നേഹം  വാശി കൂട്ടിയതേയുള്ളൂ. രമണിയുടെ മൂർദ്ദാവിൽ ചുംബിച്ചു കൊണ്ട് ആ നാളുകളിലൊന്നിൽ അയാൾ പറഞ്ഞു: "വേർപിരിയാൻ എനിക്കാവില്ല. എന്നോടു വെറുപ്പാണെങ്കിൽ നീ ചെയ്യ് അത്."   "നിങ്ങൾക്കച്ഛനാകേണ്ടേ...?" എന്നു തിരിച്ചു ചോദിച്ച് ഒരു നൊമ്പരമായി രമണി നിന്നു.
വക്കീലിനെ കണ്ടു പിന്നീട് കോടതിയിൽ കയറുമ്പോൾ എല്ലാവരും അമ്പരന്നു. വിവാഹ മോചനം സംഭവിച്ച അന്നു സന്ധ്യാനേരം കുടിച്ചു വന്ന അച്ഛൻ പറഞ്ഞു: "ടീച്ചർ ശുദ്ധ മണ്ടിയാണ്. "  കഴുകി അടുക്കുമ്പോൾ പാത്രങ്ങളും അതു തന്നെ പറഞ്ഞെന്നു തോന്നി.

കിടക്ക വിരിച്ച് അമ്മയെ താങ്ങിക്കിടത്തി പുതപ്പിച്ച ശേഷം നെറ്റിയിൽ ചുംബിച്ചു. അച്ഛൻ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. ജനാല വാതിൽ അടച്ചു കൊളുത്തിട്ട ശേഷം അലക്കി വെച്ചിരുന്ന പുതപ്പെടുത്ത് കിടക്കയുടെ വശത്തുവെച്ചു. അർദ്ധരാത്രി തണുപ്പിൽ ഉണർന്നാൽ അതു പരതി കണ്ടു പിടിച്ചു കൊള്ളും. തിരികെ രമണി മുറിയിൽ വന്നുകയറി വാതിൽ കുറ്റിയിടുമ്പോഴേക്കും ഉറക്കം കൺപോളകളിൽ കനത്തുനിന്നു. രണ്ടു മണിക്കൂർ ദിവസവുമുള്ള ബസ് യാത്ര ആയുസ്സ്കുറച്ചേക്കുമെന്ന് രമണി ഭയപ്പെടുന്ന നിമിഷങ്ങളാണവ. ചുവരിലെ വിവാഹ ഫോട്ടോയിൽ നോക്കി അൽപ്പനേരം നിന്നിട്ട് രമണി കിടക്കയിൽ വീണുറക്കമായി.

ഉറങ്ങിക്കിടക്കുമ്പോൾ രമണി കാഴ്ചകളിൽ അത്ഭുതപ്പെട്ടു. ജനാർദ്ദനക്കുറുപ്പും ദേവകിയമ്മയും ജരാനരകൾ കൊഴിഞ്ഞ് ചെറുപ്പത്തിലേക്ക് ചെറുതായി . രമണിയുടെ മുല ചുരന്നു. രണ്ടു പേർക്കും ഒരേ സമയം ഒരോ മുലയിൽ നിന്നും നിർവൃതിയോടെ പാലൂട്ടിക്കൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ ദേവകിയമ്മ രമണിയുടെ കൈയിൽ നിന്നും താഴേക്കൂർന്നു. അങ്കലാപ്പിൽ സംഭവിച്ച അശ്രദ്ധയിൽ ജനാർദ്ദനക്കുറുപ്പും പിടിതെറ്റി ഗർത്തത്തിലേക്ക്... സിമന്‍റ്  നിലം അവരെ തടയാതെ മാഞ്ഞു കളഞ്ഞു. രണ്ടു കരച്ചിലുകൾ ഇരുട്ടിലൂടെ താഴ്ന്നു പോയി തീരുന്നതിനു മുൻപുതന്നെ,  രമണിയും ഇരുട്ടിലേക്കൂർന്നു. ഇരുട്ടിൽ മറഞ്ഞിരിക്കുന്ന ഗോപുരങ്ങളെ ഓർമിച്ച് നിലവിളി ഉച്ചത്തിലായി.


രമണി ഉറക്കം ഞെട്ടി. എഴുന്നേറ്റ് ലൈറ്റിട്ടു കഴിഞ്ഞിട്ടും ശരീരം വിറകൊണ്ടു. അമ്മയുടെ മുറിയിലെത്തി പതുക്കെ വാതിൽ തുറന്നു. ഉറക്കമായിക്കഴിഞ്ഞിരുന്നു ദേവകിയമ്മ. അടുത്ത മുറിയിൽ പുതപ്പിന്‍റെ ചൂടിൽ ചുരുണ്ടു കിടന്നു  അച്ഛൻ. ഇത്ര പെട്ടെന്നു പുതപ്പ് കണ്ടു പിടിച്ചല്ലോ എന്നാലോചിച്ച് രമണിക്ക് ചിരി വന്നു. തിരികെ കിടക്കയിൽ ചെന്നു വീഴുമ്പോൾ 'നാളെ അവധിയെടുക്കണം' എന്നു തീരുമാനിച്ചു രമണി. എങ്കിലും ഉറങ്ങുന്നതിനു തൊട്ടുമുമ്പുതന്നെ 'അതു വേണ്ട' എന്നു പിറുപിറുത്ത് തീരുമാനം മാറ്റി രമണി ഗാഢമായ ഒരുറക്കത്തിലേക്ക് പരിഭവങ്ങളില്ലാതെ നടന്നു പോയി.