'ക്രിസ്മസ്' എന്ന ബാലരമ Digest എഴുതുന്ന സമയം യേശു ജനിച്ചത്
ഡിസംബര്‍ 25-നു അല്ല എന്നും അത് സൂര്യദേവന്റെ പെരുന്നാള്‍ ദിവസമാണെന്നും എനിക്കെഴുതേണ്ടിവന്നു.    ഒരു
ബോക്സില്‍ ഹൈലൈറ്റ് ചെയ്താണ് കൊടുത്തത്. 
വിശ്വാസത്തെ സംബന്ധിക്കുന്നതായതുകൊണ്ട് അതു പ്രസിദ്ധീകരിക്കുമോയെന്നു
സംശയമുണ്ടായിരുന്നു.  എന്നാല്‍ ഒരക്ഷരം
വിടാതെ പുസ്തകത്തില്‍ അതച്ചടിച്ചുവന്നു. 
സന്തോഷം തോന്നി അതു കണ്ടപ്പോള്‍.  ഒരു
പ്രസിദ്ധീകരണത്തിന്റെ ധര്‍മ്മം സത്യസന്ധമായി നിറവേറ്റുന്നത് ആരെയെങ്കിലും
വ്രണപ്പെടുത്തിയെന്നു പറഞ്ഞാല്‍ കുഴപ്പം എവിടെയാണ്? ചിത്രകാരന്മാരും എഴുത്തുകാരും
കേരളത്തിനു പുറത്ത് ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത് ഒരു
പതിവാണെങ്കിലും (തസ്ലീമ നസ്രീനെ ഹൈദരാബാദില്‍ കയ്യേറ്റം ചെയ്തതു പോലെ) കേരളത്തില്‍
സ്ഥിതി മറിച്ചായിരുന്നു.            
മലയാളി പക്ഷെ മാറിക്കഴിഞ്ഞു.  മതസഹിഷ്ണുതയും ആവിഷ്കാര സ്വാതന്ത്ര്യവും വിപ്ലവചിന്തയും
വെറും പഴങ്കഥ.  'അഹിന്ദുക്കള്‍ക്ക്
പ്രവേശനമില്ല' എന്ന ബോര്‍ഡ് വെച്ചും അധ്യാപകന്റെ കൈവെട്ടിയും 'പ്രെയിസ് ദി ലോര്‍ഡ്'
പറഞ്ഞും അന്‍പത്തൊന്ന് വെട്ട് വെട്ടിയും പത്രം കത്തിച്ചും ശശികലയ്ക്കും സാകിര്‍
നായിക്കിനും ചെവികൊടുത്തും ഏറെ ദൂരം പിന്നിട്ടുകഴിഞ്ഞിരിക്കുന്നു മലയാളി.  മതത്തിന്റെയും രാഷ്ട്രീയത്തിന്റെയുംപേരില്‍
മലയാളി ചേരിതിരിഞ്ഞു കഴിഞ്ഞു.  'മനസ്സുകളില്‍
തുടങ്ങുന്നു യുദ്ധം' എന്ന് കഠോപനിഷത്
പറയുന്നു. 
യുദ്ധം തുടങ്ങിക്കഴിഞ്ഞു മലയാളിയുടെ മനസ്സില്‍.  കാപട്യം കൊണ്ട് പലരും തുറന്നു
സമ്മതിക്കുന്നില്ല എന്നേയുള്ളൂ.  
    
ഭഗവദ്ഗീതയും കുറേ മുലകളും
ബഷീര്‍ 'ഭഗവദ്ഗീതയും കുറേ മുലകളും'  എഴുതിയപ്പോഴുള്ള മലയാളിയല്ല ഇന്നത്തെ
മലയാളി.  ഇന്നായിരുന്നെങ്കില്‍ ബേപ്പൂര്‍
സുല്‍ത്താനെ മങ്കോസ്റ്റിന് മരത്തില്‍ കെട്ടിയിട്ട് പെട്രോളൊഴിച്ച് കത്തിക്കുമായിരുന്നു.
ഇതൊരു അതിശയോക്തിയല്ല ഇക്കാലത്ത്.  ബഷീറിന്റെ
വായനക്കാരന് സഹൃദയനായിരുന്നു; മനോരോഗി ആയിരുന്നില്ല.  അക്കാലത്തെ കേരളം ആവിഷ്കാരസ്വാതന്ത്ര്യത്തെ
മാനിച്ചിരുന്നു.  'അന്തോണീ നീയും
അച്ചനായോടാ?' തുടങ്ങിയ കഥകള്‍ എഴുതിയ പൊന്‍കുന്നം വര്‍ക്കിക്കും കയ്യോ കാലോ ഒന്നും
നഷ്ടമായില്ല.  എന്നാലിന്ന് കേരളനാട്ടില്‍ ആവിഷ്കാര
സ്വാതന്ത്ര്യം അതിരുകടെന്നെന്നാരോപിച്ച്  അക്രമിക്കപെട്ടവരില്‍ എഴുത്തുകാരനും  അധ്യാപകനുമുണ്ട്. 
സക്കറിയ
വിവരമുള്ള ഒരു എഴുത്തുകാരനാണ് സക്കറിയ.  പയ്യന്നൂരില്‍ ചെയ്ത പ്രസംഗത്തില്‍
ലൈംഗികതയെയും കമ്മ്യുണിസ്റ്റ് പാര്‍ടിയെയും (സഖാക്കന്മാരുടെ പോലീസിനെ  പേടിച്ചുകഴിഞ്ഞ ഒളിജീവിതകാലത്തെക്കുറിച്ച്)
ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്നെന്നു വിധിയെഴുതി സഖാക്കന്മാ ര്‍
സക്കറിയയുടെ കൈ അടിച്ചൊടിച്ചു.  പുസ്തകത്തെയും
സാഹിത്യത്തെയും സ്നേഹിക്കുന്നവരാണ് കമ്മ്യുണിസ്റ്റുകാര്‍. ബംഗാളിലും കേരളത്തിലും
കമ്മ്യൂണിസ്റ്റ് പാര്‍ടി വേരുപിടിച്ചതിനൊരു കാരണവും ഇതുതന്നെ.  എ.കെ.ജി. വായനശാലയിലെ പുസ്തകങ്ങള്‍ വായിച്ചാണ്
ഞാന്‍ വളര്‍ന്നത്.  ഡി.വൈ.എഫ്.ഐ.-ക്കാര്
ഒരു എഴുത്തുകാരനെ തല്ലുമെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു
കാലമുണ്ടായിരുന്നു.  കാലം മാറി.  മതതീവ്രവാദത്തിനു സമാനമായി സഖാക്കള്‍ക്ക് പാര്‍ടിയോടുള്ള
അനുഭാവം. 
പ്രൊഫസ്സര്‍ ജോസഫ്
യേശുവിനെ യൂദാസ് ഒറ്റിക്കൊടുത്തതു പോലെ തന്റെ തന്നെ
ശിഷ്യരാല്‍ ഒറ്റിക്കൊടുക്കപ്പെട്ട ന്യൂമാന്‍സ് കോളേജിലെ ജോസഫ് സാര്‍ കേരളത്തിലെ
മതസൗഹാര്‍ദ്ദം വെറും പുറംപൂച്ചാണെന്നതിന്റെ തെളിവാണ്. കൈ വെട്ടിമാറ്റപ്പെട്ട
അധ്യാപകനെതിരെ യേശുവിന്റെ മാതൃക പിന്തുടര്ന്ന് കോളേജും നടപടി സ്വീകരിച്ചു.
സാറിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. മതതീവ്രവാദം കേട്ടു കേള്‍വിയെന്നു കരുതിയിരുന്ന
മലയാളി ജോസഫ്സാറിനെ കുറ്റപ്പെടുത്തി.  മതമേലക്ഷ്യന്മാര്‍
കൈകോര്‍ത്തുപിടിച്ച് മതസൗഹാര്‍ദ്ദ ജാഥ നടത്തി. 
മലയാളി ഉള്ളില്‍ ചീഞ്ഞു നാറുന്നത് തുടര്‍ന്നു.                 
അന്ത്യഅത്താഴ ചിത്രം
ടോം വട്ടക്കുഴിയാണ് ചിത്രകാരന്. 
 ഭാഷാപോഷിണി വായിക്കുന്നവര്‍
ആരുമായിരിക്കില്ല ഇതൊരു വിവാദമാക്കിയത്. 
സമയം കളയാന്‍ വെറുതെ താളുകള്‍ മറിച്ച് ചിത്രം നോക്കിയ ഏതെങ്കിലും പുസ്തകവിരോധിയായിരിക്കും
വിവാദത്തിനു തിരികൊളുത്തിയത്.  ഒരു
കാരണത്തടിച്ചവന്‍ മറുകരണം കൂടി കാണിച്ചുകൊടുക്കാന്‍ പറഞ്ഞ യേശുവിന്റെ യഥാര്‍ത്ഥ
അനുയായികള്‍ പത്രം കത്തിക്കാനും ജാഥ നടത്താനും ഒന്നും പോകില്ല.  ഒരു ചിത്രകാരന് ആത്മാവിഷ്കാരം നടത്താന്‍ ഒരു
സാഹിത്യമാസിക ഇടം നല്‍കുന്നത് അതിന്റെ ധര്‍മ്മമാണ്.  പത്രമാധ്യമങ്ങള്‍കൂടി കയ്യൊഴിഞ്ഞാല്‍ കലാകാരനും
ചിന്തകനും എഴുത്തുകാരനും മനോരോഗം ബാധിച്ച ആള്‍ക്കൂട്ടത്തിന്റെ  തിക്കുംതിരക്കിലും പെട്ട് ചതഞ്ഞരയും.  
യഥാര്‍ത്ഥ വിശ്വാസി വാളെടുക്കില്ല.  യഥാര്‍ത്ഥ കലാകാരന് ബ്രഷ് താഴെ
വെക്കുകയുമില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇടം നല്‍കണം.  സ്വാതന്ത്ര്യമാണ് കലാകാരന്റെ ജീവവായു.  ബ്രഷ് കൈയിലെടുക്കുമ്പോഴും പേന കടലാസില്‍
തൊടുമ്പോഴും ആര്‍ക്കെങ്കിലും വികാരം വ്രണപ്പെടുമോയെന്നു ഭയക്കാന്‍ തുടങ്ങിയാല്‍ കലാസൃഷ്ടി
സാധ്യമാകില്ല.  മലയാളി കലാകാരെനെയും
എഴുത്തുകാരെനെയും അധ്യാപകനെയും സിനിമാസംവിധായകനെയും വെറുതെവിടണം.  സ്വതന്ത്രചിന്ത ഇല്ലാതാകുന്നിടത്താണ് എല്ലാവിധ
തീവ്രവാദ ചിന്തകളും മനുഷ്യാവകാശ ലംഘനങ്ങളും സംഭവിക്കുന്നത്.  പൊതു ഇടങ്ങള്‍ ചിത്രങ്ങള്‍ക്കും സംഗീതത്തിനും
നൃത്തത്തിനും വേണ്ടി മാറ്റിവയ്ക്കുക.  
                                         *****
