Pages

01528--തോക്കിന്‍ കുഴലിലൂടെ ഒരു വിപ്ലവം (കഥ)



തോക്കിന്‍ കുഴലിലൂടെ ഒരു വിപ്ലവം (കഥ)


ദയാനന്ദന്‍ എന്ന എ ല്‍.ഡി. ക്ലാര്‍ക്കിന്‍റെ ജീവിതത്തി ല്‍ പൊടുന്നനെയാണ് അവിശ്വസനീയമാംവിധം മാറ്റമുണ്ടായത്.
 
അതുവരെ അയാളുടെ രൂപവും ഭാവവും ഒരു യാചന പോലെയായിരുന്നു.  തല മുന്നോട്ട് തൂക്കിയിട്ടുള്ള നടത്തം ചെറിയൊരു കൂന് അയാളുടെ മുതുകില്‍ തീര്‍ത്തു.  പതറുന്ന ശീലമുള്ള കണ്ണുകള്‍ ദയാനന്ദന് ആരുടെയും മുഖത്ത് - കുട്ടികളുടെ പോലും - തറപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. എളിമപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതമായിതീര്‍ന്നു അയാളുടേത്. 

നേരം വെളുക്കുന്നതുമുതല്‍ കണ്ണിലുറക്കം പിടിക്കുന്നതുവരെ അയാള്‍ അടിമയെപ്പോലെ ജീവിച്ചു.  അതിരാവിലെതന്നെ എഴുന്നേറ്റ് ചായയും ചോറും കറികളും തയ്യാറാക്കി, മുറ്റം തൂത്തുവെടിപ്പാക്കുന്ന ദയാനന്ദന്‍ തളര്‍ന്നുകിടക്കുന്ന തന്‍റെ ഭാര്യയെയും സ്കൂളില്‍ പോകുന്ന രണ്ടുമക്കളെയും പ്രായംചെന്ന അമ്മയുടെ മേല്‍നോട്ടത്തില്‍ വിട്ടുകൊണ്ട് ദൂരെയുള്ള സര്‍ക്കാര്‍ കെട്ടിടത്തിലേക്ക് യാത്രയാകുന്നു.  പ്രായക്കൂടുതല്‍ കൊണ്ടുള്ള അനാരോഗ്യം നിമിത്തം വൈകിയാണ് അമ്മ ഉണരുന്നത്. 

ബസ്സ്റ്റോപ്പിലേക്കുള്ള ദൂരത്തിനുള്ളിലാണ് ദയാനന്ദന്‍റെ ഭാര്യാഭാവനം.  സാമാന്യം വലിയ ആ വീടിന്‍റെ മുന്‍പിലൂടെ പോകുമ്പോള്‍ സ്വതവേയുള്ള അയാളുടെ കൂന് പിന്നെയും കൂടും.  അവിടെ ഒരു വര്‍ത്തമാനപത്രവും കൈയി ല്‍പിടിച്ച്‌, ഗേറ്റില്‍ചാരി ദയാനന്ദന്‍റെ അമ്മായിഅപ്പനായ ഗോവിന്ദക്കുറുപ്പ് ദിവസവും കാത്തുനില്‍ക്കുന്നു.  കുത്തുവാക്കുകളും ശ്ലീലങ്ങളല്ലാത്ത പരിഹാസവുംകൊണ്ട് കുറുപ്പ് മരുമകനെ ശിക്ഷിക്കുന്നു.  എന്നുമുള്ള ആത്മനിയന്ത്രണവും ഭയവുംവിട്ട് ഒരുനാള്‍ ദയാനന്ദന്‍ പൊട്ടിത്തെറിച്ചുപോയി.  ഗേറ്റ് ചവിട്ടിത്തുറന്ന അയാളെ കൂടുതല്‍ കരുത്തനായ കുറുപ്പ് കക്ഷത്തില്‍ ചുരുട്ടിയൊതുക്കി മര്‍ദിച്ചു. കടവായിലൂടെ ചോരയൊലിപ്പിച്ച് ആടിയാടിനിന്ന ദയാനന്ദനോട് കുറുപ്പ് അലറി പറഞ്ഞു:

"എന്‍റെ മോളെ പ്രേമിച്ചുനശിപ്പിച്ചില്ലേ നീ.  നെന്‍റെ മുട്ടുകാല്‍ ഞാന്‍ തച്ചൊടിക്കും."

ശേഷിച്ചിരുന്ന ആത്മവിശ്വാസവും അന്ന് ദയനന്ദനി ല്‍ നിന്നും ചോര്‍ന്നുപോയി.  അമ്മായിഅപ്പന്‍റെ പരിഹാസദൂരത്തി ല്‍ മുഖം താഴ്ത്തി ഊളിയിട്ട് അയാള്‍ പൊന്തുന്നത്‌ ശാന്തയുടെ വീടിനുമുന്‍പിലാണ്.  അവ ള്‍ ദയാനന്ദനെ കാത്തിരുന്നു.

"ഇങ്ങോട്ട് കേറിയാലെന്താ?"

ശാന്ത എന്നും ക്ഷണിക്കും.

ഒറ്റയ്ക്കു താമസിക്കുന്ന ശാന്തയുടെ ചുണ്ടുകള്‍ കാഴ്ച്ചക്കാരുടെയെല്ലാം നോട്ടത്തില്‍ മുറുക്കി ചുവന്നാണ്.  മുമ്പൊരിക്കല്‍ ദയാനന്ദ ന്‍ ശാന്തയുടെ ക്ഷണം സ്വീകരിച്ചു.  അവളുടെ സ്ത്രീത്വം ഓജസ്സോടെ സ്വീകരിച്ചു അയാളെ.  ചായ സല്‍ക്കരിക്കുന്നതിനിടയില്‍  ശാന്ത ചോദിച്ചു: 

"നന്ദിനിക്ക് തീരെ അനങ്ങാമ്പാടില്ലല്ലെ?"

"ഉം", അയാള്‍ മൂളി.
 
"എനിക്ക് വെഷമം മനസ്സിലാകുംഒന്നുവന്നേ ഉള്ളിലേക്ക്."

ശാന്തയുടെ പിന്നാലെ പേടികളില്ലാതെ ദയാനന്ദന്‍ നടന്നു.  ഇരുട്ടുപടര്‍ന്ന ഉള്‍മുറിയി ല്‍വച്ച് അവള്‍ അയാളെ പുണര്‍ന്നു.  പൊടുന്നനെ ദയാനന്ദന്‍ ഞരമ്പുകള്‍ തളര്‍ന്നു കൂമ്പിനിന്നു. 

പാപബോധത്തിന്‍റെ ഏതോ നിമിഷത്തില്‍ സ്വതന്ത്രനായ ദയാനന്ദന്‍ വീടിനുപുറത്തേക്കു കുതിച്ചു. അയാളെ കാത്തുനില്‍ക്കുന്നത് പക്ഷെ, ശാന്ത തുടര്‍ന്നു. മുറ്റത്തിന്‍റെ അതിരില്‍ ഒരു വള്ളിച്ചെടിയായി നിന്നു അവള്‍. മുഖം മറുവശത്തേക്കു തിരിച്ച് വേഗത്തില്‍ നടന്നുനീങ്ങി രക്ഷപെടുന്നു ദയാനന്ദന്‍ അങ്ങനെയുള്ള നേരങ്ങളില്‍.  ദിവസം രണ്ടുനേരം ഈവിധം അയാള്‍ ശിക്ഷിക്കപ്പെട്ടു.

ബസ്സ്റ്റോപ്പില്‍ ദയാനന്ദന്‍റെ പീഢകവേഷം കെട്ടിയാടുന്നത്‌ റൌഡി രാജപ്പനാണ്.  തടിച്ചുരുണ്ട ക്രൂരതയുടെ ഇരയായി തീരുന്ന ദയാനന്ദന്‍ ഒടിഞ്ഞ ചുമലുമായി ബസ്സ്റ്റോപ്പില്‍ ബന്ധനസ്ഥനായ പ്രൊമിത്യുസിനെ പോലെയാകും.
 
"ന്താ മാഷേ, ഒന്നും കഴിച്ചില്ലേ?"

രാജപ്പന്‍ കരള്‍ കൊത്തുന്ന കഴുകാനായി കൊക്ക് പിളര്‍ത്തി ചോദ്യം ചെയ്യല്‍ തുടങ്ങുന്നു.  കഴിച്ചെന്നുള്ള മറുപടിയില്‍ ദയാനന്ദന്‍ കരച്ചിലിന്‍റെ വക്കിലെത്തിയിരിക്കും.  രാജപ്പന്‍ ഇടംകൈ ഇരയുടെ തോളില്‍ വിശ്രമിക്കാനായി വയ്ക്കുമ്പോള്‍ വലംകൈ ഇരയുടെ കീശയില്‍ നിന്നും  കറന്‍സികള്‍ ഉയര്‍ത്തിയെടുക്കുന്നു. പിന്നെ ഉച്ചത്തിലുള്ള അന്വേഷണങ്ങള്‍ തുടങ്ങുകയായി. 

"പരിപാടിയൊന്നും നടക്കുന്നില്ലല്ലേ.  ഞാനൊപ്പിക്കാം നല്ല കിളുന്ത് സാധനത്തിനെ.  ആശയൊണ്ടെങ്കി പറ മാഷേ."

ചുറ്റിലുമുള്ളവരുടെ കണ്ണുകള്‍ സഹതാപത്തിലും പരിഹാസത്തിലും തന്നെവന്നു പൊതിയുമ്പോള്‍ ദയാനന്ദന്‍റെ ചുമല്‍ പിന്നെയും ഒടിഞ്ഞു താഴും.  ബസ് വരുന്നതുവരെ അല്ലെങ്കില്‍ കൂടുതല്‍ നല്ലൊരു ഇരയെ കിട്ടുന്നതുവരെ ഡെമോക്ലീസിന്‍റെ വാളായി ദയാനന്ദന്‍റെ തലയ്ക്കു മുകളി ല്‍ രാജപ്പന്‍ തുടരുന്നു.

മേശമേല്‍ ആലസ്യത്തോടെ ചാഞ്ഞുചെരിഞ്ഞു കിടക്കുന്ന ഫയലുകള്‍ക്കു നടുവില്‍ കൂനിയിരുന്ന് ദയാനന്ദന്‍ പണിയെടുക്കുമ്പോഴാണ് ഓഫീസ്‌ പ്യൂ ണ്‍ സദാശിവന്‍ കരിവേഷം കെട്ടിയെത്തുന്നത്.  പാന്‍പരാഗ് കീഴ്ച്ചുണ്ടിനും പല്ലിനുമിടയി ല്‍ കുത്തിനിറച്ച് സദാശിവ ന്‍ വല്ലാത്ത ഉച്ചാരണത്തില്‍ ശബ്ദംതാഴ്ത്തി ദയാനന്ദനെ കാരണമില്ലാതെ അധിക്ഷേപിക്കാന്‍ തുടങ്ങും. 

ചുവന്ന കണ്ണുകളില്‍ ലഹരിനനവുമായി സദാശിവന്‍ ഒരിക്കലങ്ങനെ വലിയൊരു തെറിപറഞ്ഞപ്പോള്‍ കലങ്ങിയ കണ്ണുകളില്‍ നടുക്കം നിറച്ച് ദയാനന്ദന്‍ അന്നൊരു ഭീഷണിയിലേക്കു തലയുയര്‍ത്തി നോക്കി.  കൊമ്പുകോര്‍ക്കാന്‍ സദാശിവന്‍ പാഞ്ഞടുത്തപ്പോഴേക്കും ദയനന്ദന്‍റെ അടിവസ്ത്രത്തില്‍ പേടിയുടെ നനവ്‌ പടര്‍ന്നു തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കവെയാണ് ദയാനന്ദന്‍ എന്ന എ ല്‍.ഡി. ക്ലാര്‍ക്കിന്‍റെ ജീവിതം അവിശ്വസനീയമാംവിധം മാറിമറിഞ്ഞത്.

പതിവുപോലെ ശനിയാഴ്ച വൈകിട്ട് റേഷന്‍കടയി ല്‍ നിന്നും സാധനങ്ങള്‍ വാങ്ങി നടന്നു വരികയായിരുന്നു അയാള്‍.  ശനിയാഴ്ചയിലേക്കാണ് ഒരാഴ്ചത്തെ വീട്ടുജോലി മുഴുവന്‍ നീക്കിവെക്കുന്നത്.  ഇരുവശങ്ങളിലും വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന മരങ്ങളുള്ള, എപ്പോഴും ഇരുട്ടുമൂടിക്കിടക്കുന്ന വഴിയിലൂടെ കുറച്ചുദൂരം ദയാനന്ദന് നടക്കേണ്ടതായുണ്ട്.  വഴിയുടെ ഒരുവശം ശ്മശാനവും മറുവശം കന്യാസ്ത്രീമഠവുമാണ്.  പാമോയില്‍ ടിന്നും അരിസഞ്ചിയും ഇരുകൈകളിലും തൂക്കിപിടിച്ച്‌ നടക്കുകയായിരുന്ന അയാളുടെ കാഴ്ച വഴിയില്‍ പുഞ്ചിരിച്ചുകിടന്ന ഒരു വെളുത്ത പൊതിക്കെട്ടില്‍ അറിയാതുടക്കി.  പാമോയില്‍ ടിന്നിനൊപ്പം പിടിച്ചിരുന്ന ടോര്‍ച്ചിന്‍റെ വെട്ടത്തില്‍, ശരീരം മുഴുവന്‍ പടര്‍ന്നുകയറിയ  ഒരു തരിപ്പുമായി ദയാനന്ദന്‍ പൊതിക്കെട്ടിനടുത്തേക്കു നീങ്ങി.  പിന്നെ ഞൊടിയിടയില്‍ അതെടുത്ത് അരിസഞ്ചിയി ല്‍ നിക്ഷേപിച്ച് ധൃതിയില്‍ നടത്തം തുടര്‍ന്നു.                          

വീട്ടില്‍ അയാള്‍ തിരിച്ചെത്തിയപ്പോള്‍ അടുക്കളയിലായിരുന്നു അമ്മ.  ദേവിയും രാജിയും ഉച്ചത്തില്‍ പാഠം വായിക്കുന്ന കോലാഹലം.  നന്ദിനി ഇരുട്ടിലും കണ്ണുകള്‍ തുറന്നു കിടക്കുകയായിരിക്കുമെന്ന് അയാള്‍ ഊഹിച്ചു.  

വെളുത്ത പൊതിക്കെട്ടുമായി ഒച്ചയുണ്ടാക്കാതെ അയാള്‍ മച്ചിനുമുകളിലേക്ക് കയറി.  അച്ഛന്‍റെ കാലൊടിഞ്ഞ ചാരുകസേരയും പഴമയുടെ ഗന്ധവും കൌശലക്കാരായ കുറച്ച് എലികളും മാത്രമാണ് മച്ചില്‍ താമസം.  നാല്പതു വാട്ട്‌ ബള്‍ബിന്‍റെ പ്രകാശത്തിലിരുന്ന് ഞെട്ടുന്ന വിരല്‍ തുമ്പുകള്‍കൊണ്ട് അയാള്‍ പൊതിയഴിച്ചു.  പൊതിക്കെട്ടിനുള്ളിലെ കാഴ്ചയിലേക്ക് കണ്ണുകള്‍ തുറിച്ചുനോക്കി ദയാനന്ദന്‍.
 
ഒരു കൈതോക്ക്!

പൊടുന്നനെ ദയാനന്ദന്‍റെ ഓര്‍മ്മ ഗംഗനെ തിരഞ്ഞുപോയി.  ഒന്നിച്ച് കളിച്ചുവളര്‍ന്ന സൗഹൃദം.  ഒരേ ബഞ്ചിലിരുന്നാണ് പത്താംതരം വരെ പഠിച്ചതും.  പിന്നെങ്ങനെയോ ഗംഗന്‍ മാറിപ്പോയി.  ചെരുപ്പുകള്‍ ഉപേക്ഷിച്ചു.  താടി വളര്‍ത്തി.  കണ്ണുകളില്‍ തീകൂട്ടി.  എങ്കിലും ഗംഗന്‍റെ സൗഹൃദം നഷ്ടമായില്ല. 

"നീ നക്സലൈറ്റാണോ?"

ആല്‍ത്തറയിലിരിക്കുമ്പോള്‍ ഗംഗനോടു ചോദിച്ചു.

"നിന്നോടാരു പറഞ്ഞു?"

"എല്ലാവരും എന്നോടാണ് ചോദിക്കുന്നത്."

"നീയെന്തു പറഞ്ഞു അവരോട്?"

"എനിക്കറിയില്ലെന്ന്."

ഗംഗന്‍ ചിരിച്ചു.  ദയാനന്ദന്‍ ചിരിച്ചില്ല.  ഒടുവില്‍ കുറേനേരം മിണ്ടാതിരുന്നിട്ട് ഗംഗന്‍ പിന്നോട്ടുചാഞ്ഞ് അരക്കെട്ടില്‍ നിന്നും കറുത്ത അഴകുള്ള ഒരു  കൈതോക്ക് പുറത്തെടുത്തു.  ആദ്യത്തെ പരിഭ്രമം മാറിയപ്പോള്‍ ദയാനന്ദന്‍  തോക്കുപയോഗിക്കുന്നതിനെ കുറിച്ച് ഓരോസംശയം ചോദിച്ചുതുടങ്ങി.  ഗംഗന്‍ തോക്ക് തുറന്ന് ആറു വെടിയുണ്ടകള്‍ നിറയ്ക്കാവുന്ന അച്ചപ്പത്തിന്‍റെ മുഖം പോലുള്ള ഹോള്‍ഡര്‍ കാണിച്ചുകൊടുത്തു.  ഒറ്റ വെടിയുണ്ടപോലും അപ്പോഴതില്‍ ഉണ്ടായിരുന്നില്ല.  തോക്ക് വാങ്ങി ഉന്നംപിടിച്ചു ദയാനന്ദന്‍.

ഓര്‍മ്മകളില്‍ നിന്നും എലിക്കുഞ്ഞുങ്ങള്‍ കരയുന്ന മച്ചിന്‍ പുറത്തേക്ക് മടങ്ങിയെത്തിയ ദയാനന്ദന്‍ അനായാസം തോക്ക് തുറന്നു.  ഹോള്‍ഡറില്‍ ഒരു വെടിയുണ്ട മാത്രം!  ഒരു മിന്നല്‍പിണര്‍ അയാളുടെ ഉച്ചിയിലൂടെ കടന്ന് താഴേക്കു പാഞ്ഞുപോയി.  ഒരുമാത്ര ശരീരം വിറകൊണ്ടു. 
ദയാനന്ദന്‍റെ കൂന് നിവര്‍ന്നു.

ഞരമ്പുകള്‍ എഴുന്നു പിടച്ചു.
 
അയാളുടെ ദൃഷ്ടികള്‍ ഒരു ഇരുട്ടുമൂലയി ല്‍ പ്രകാശിച്ചുനിന്ന എലിയുടെ കണ്ണുകളുമായി ഏറെനേരം ഇടഞ്ഞുനിന്നു.

അന്നുറങ്ങാ ന്‍ കിടക്കുന്നതിനുമു ന്‍പ് അയാള്‍ നന്ദിനിയുടെ കിടക്കയ്ക്കരികെ ചെന്ന് വില്ലുപോലെ വളഞ്ഞുനിന്ന് അവളുടെ കണ്ണുകളിലേക്കു നോക്കി.  മുഖത്തെ കരുവാളിപ്പില്‍ അവളുടെ സൗന്ദര്യം മരിച്ചുകിടപ്പുണ്ട്.   നന്ദിനിയുടെ കണ്ണുകള്‍ പതുക്കെ തിരിഞ്ഞുവന്ന് ഭര്‍ത്താവിനെ നോക്കി.  ചുണ്ടുകള്‍ ചെറുതായിപോലും അനങ്ങാത്തതിനാ ല്‍ അവള്‍ പുഞ്ചിരിച്ചിരുന്നത് കണ്ണുകള്‍ കൊണ്ടായിരുന്നു.   നാളുകള്‍ക്കുശേഷം അന്ന് അയാള്‍ ഭാര്യയുടെ മൂര്‍ദ്ധാവില്‍ അമര്‍ത്തി ചുംബിച്ചു.

ഞായറാഴ്ച പുലര്‍ന്നു. 

ദയാനന്ദന്‍റെ വിശ്രമദിവസം ഞായറാഴ്ചയാണ്.  വീടുവൃത്തിയാക്കലും തുണിയലക്കും കടയില്‍പോക്കും മറ്റും നിമിത്തം ശനിയാഴ്ച നടുനിവര്‍ത്താ ന്‍ നേരം കിട്ടില്ല.  ഞായറാഴ്ചകളില്‍ പത്രവും കൈയി ല്‍പിടിച്ച് ഉമ്മറത്ത് അയാള്‍ വെറുതെ ഇരിക്കും. ദേവിയും രാജിയും  മുറ്റത്തിരുന്ന് കൊത്തങ്കല്ലു കളിയില്‍ മുഴുകി കൊച്ചുപിണക്കങ്ങള്‍ തീര്‍ക്കുന്ന നേരമാണത്.  പതിവിനു വിപരീതമായി ദയാനന്ദന്‍ അന്ന് നേരത്തെ എഴുന്നേറ്റ് കുളികഴിഞ്ഞ് അരക്കൈയന്‍ ഷര്‍ട്ടിലും കൈലിയിലും പുറത്തിറങ്ങി. 

ഈ വേഷത്തില്‍ അയാളെ പരിചയക്കാ ര്‍ കണ്ടാ ല്‍ അത്ഭുതപ്പെടും.  ഫുള്‍സ്ലീവ് ഷേ ര്‍ട്ടിന്‍റെ ബട്ടണുക ള്‍ എല്ലാമിട്ട് പാന്‍റ്സും ധരിച്ചല്ലാതെ അയാളെ പുറംലോകം അങ്ങനെ കണ്ടിട്ടില്ല.  കൈലി മടക്കിക്കുത്തി നെഞ്ചുവിരിച്ച് തലയുയ ര്‍ത്തിപ്പിടിച്ച് ദയാനന്ദ ന്‍ നടന്നു.  ഒരു വെടിയുണ്ട ബാക്കിയായ കൈത്തോക്ക് അരക്കെട്ടില്‍ തിരുകിയത് അവിടെയുണ്ടെന്ന് അയാ ള്‍ ഇടയ്ക്കിടെ തൊട്ടുറപ്പാക്കികൊണ്ടിരുന്നു. 

അമ്മായിഅപ്പന്‍റെ വീടിനുമുന്‍പി ല്‍ ചെന്നുനിന്നിട്ട് ദയാനന്ദ ന്‍ അലറി:
"കുറുപ്പേ, എറങ്ങി വാടാ."
സ്വന്തം സ്വരം അയാളെതന്നെ അത്ഭുതപ്പെടുത്തി.  പതുപതുത്ത ഒരു കസേരയില്‍ ചാരിക്കിടക്കുകയായിരുന്ന ഗോവിന്ദക്കുറുപ്പ് ചാടിയെഴുന്നേറ്റ് ആ ജനാലക്കാഴ്ചയില്‍ അമ്പരന്നു.  അധിവേഗം പെരുകിയ ക്രോധത്തിലും അധികരിച്ചുനിന്ന ആത്മവിശ്വാസത്തിന്‍റെ പിന്‍ബലത്തിലും കുറുപ്പ് ഗേറ്റിനടുത്തേക്കു കുതിച്ചു.  ദയാനന്ദന്‍ കണ്ണുകളിറുക്കി പാഞ്ഞടുക്കുന്ന ശത്രുവി ല്‍ ശ്രദ്ധകേന്ദ്രീകരിച്ചു.  ഓടിവന്ന കുറുപ്പ് അന്നേരമാണ് മരുമകന്‍റെ കണ്ണുകളില്‍ നോക്കിയത്.  മുന്നില്‍ തീ കണ്ടപോലെ കുറുപ്പ് അവിടെ സ്തംഭിച്ചുനിന്നു.  ദയാനന്ദന്‍ ഗേറ്റുതുറന്ന് മുറ്റത്തേക്കു കയറി.  പൊടുന്നനെ പൊതിഞ്ഞ ഭയത്തില്‍ പിന്നോട്ടുനടന്ന് കുറുപ്പ് കാലിടറി വീണു.  അമ്മയിഅപ്പന്‍റെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ട് ദയാനന്ദന്‍ കാര്യമാത്രപ്രസക്തമായ വാക്കുള്‍ ആക്രോശിച്ചു:

"നിന്നെ ഇനി ഗേറ്റില്‍ കാണരുത്.  കണ്ടാല്‍ നിന്‍റെ തല ഞാന്‍ തകര്‍ക്കും."

കൂടിച്ചേരാനാകാത്തവിധം വലിച്ചുകീറിയെറിയപ്പെട്ട ജരാസന്ധന്‍റെ ഉടല്‍പോലെ കുറുപ്പിന്‍റെ ആത്മാവ് അവിടെ കിടന്നു.  ഒന്നു കാറിതുപ്പിയിട്ട് തിരിഞ്ഞുനടന്നു ദയാനന്ദന്‍. കൈത്തോക്കിലെ വെടിയുണ്ട അപ്പോഴും ബാക്കിയാണല്ലോ എന്നോര്‍ത്ത്‌ നടത്തത്തിന്‍റെ വേഗം കൂട്ടി. 

ശാന്ത അടുക്കളയിലായിരുന്നു ദയാനന്ദന്‍ ചെന്നുകയറുമ്പോള്‍.  പുറത്ത് കാലൊച്ചകേട്ട് അവള്‍ തിടുക്കത്തില്‍ ഉമ്മറത്തെത്തി.  അയാളെ അങ്ങനെ കണ്ട് അമ്പരന്നുനിന്നു ശാന്ത.  ദയനന്ദന്‍റെ നോട്ടത്തില്‍ ചൂളിനിന്ന അവ ള്‍, അയാളുടെ കൂനും പതറുന്ന കണ്ണുകളും കള്ളനോട്ടത്താലന്വേഷിച്ചു.  അവ അപ്രത്യക്ഷമായെന്ന അറിവില്‍ ശാന്ത കൂടുതല്‍ വിയര്‍ത്തു. 

"നിനക്കെന്താ ഒന്നും പറയാനില്ലേ --ന്‍റെ മോളെ?"

ഒരു തെറിവാക്ക് ദയാനന്ദന്‍ ഉച്ചരിച്ചു.  അയാളുടെ കൈകള്‍ നീണ്ടുചെന്ന് അവളുടെ കഴുത്തില്‍ പിടിമുറുക്കി.  കണ്ണുന്തി പിടയുന്ന ഇരയുടെ മേലുള്ള പിടി ഒടുവില്‍ അയാള്‍ അയച്ചു.  ശാന്ത ചുവരില്‍ ചാരി നിലത്തേക്കൂര്‍ന്നിരുന്നു.  അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്ന നേരം ദയാനന്ദന്‍ നടന്നു പുറത്തിറങ്ങി. 

തോക്കില്‍ ബാക്കിയായ വെടിയുണ്ടയോട് അയാള്‍ പതുക്കെ പറഞ്ഞു:

"ഇനിയും രണ്ടുപേരുണ്ട്.  നിനക്ക് അവരിലൊരാളുടെ തലക്കകത്തേക്കു താമസം മാറ്റാം."

രാജപ്പന്‍ ദൂരെനിന്നുതന്നെ ദയാനന്ദനെ കണ്ടു.  അത്ഭുതം നിറഞ്ഞ കണ്ണുകളുമായി രാജപ്പന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:

"ഹെന്‍റെ ദൈവമേ, ഇതെന്തുപറ്റി മാഷിന്?"

അതു കേട്ടഭാവം കാണിക്കാതെ ദയാനന്ദന്‍ നടന്നടുത്തു.
 
"കൈലി ഞാന്‍ അഴിച്ചെടുക്കും.  ഉടുമുണ്ടില്ലാതെ തിരിച്ചുപോവേണ്ടിവരും വീട്ടിലേക്ക് മാഷെ."

രാജപ്പന്‍ വീണ്ടും പരിഹസിച്ചു.

"നിന്‍റെ കാരണവന്മാരെല്ലാം ഒരുമിച്ചുവന്നാലും അപ്പറഞ്ഞതു നടക്കില്ല രാജപ്പാ."

ആ മറുപടിയില്‍ അത്ഭുതംകൂറി നിന്നപ്പോഴാണ് രാജപ്പന്‍ ദായാനന്ദനെ ശ്രദ്ധിക്കുന്നത്.  ഇരയുമായി കണ്ണുകോര്‍ത്തപ്പോള്‍ രാജപ്പന്‍റെ മനസ്സ് ഇടറി. 
  
"നീയെന്‍റെ പോക്കറ്റീന്നെടുത്ത പണമെല്ലാം എനിക്കിന്ന് തിരികെക്കിട്ടണം."

"ഇല്ലെങ്കിലോ?"

രാജപ്പന്‍ കൈതെറുത്തു കയറ്റി.

"നിന്‍റെ ശവം വിറ്റ് ഞാന്‍ മുതലാക്കും."

നിയന്ത്രണംവിട്ട് മുന്നോട്ടു കുതിച്ച രാജപ്പന്‍റെ നെഞ്ചത്തും നാഭിയിലും തൊഴിക്കുമ്പോഴും അയാളുടെ ഒരു കൈ അരക്കെട്ടിലെ തോക്കിന്മേല്‍ തൊട്ടിരുന്നു. നിലത്തുവീണ രാജപ്പ ന്‍ ഒടുവില്‍ കൈകൂപ്പി കരഞ്ഞു:

"കൊല്ലല്ലേ."

കുറച്ചുനേരം കൂടി അവിടെനിന്ന് ഒടുവില്‍ ദയാനന്ദന്‍ തന്‍റെ മൂന്നാമത്തെ ശത്രുവിനും മാപ്പുകൊടുത്തു. 

സദാശിവന്‍റെ ഭാര്യയും കുട്ടികളും ദയാനന്ദന്‍റെ വിളിക്കു മറുപടിയായി വീടിനു പുറത്തേക്കിറങ്ങിവന്നു. 

"പറമ്പില്‍ തെങ്ങിനു കൊത്തുവാണ്."

സദാശിവന്‍റെ ഭാര്യ അടുക്കളക്ക് പിന്നിലായി പറമ്പിലേക്കുള്ള വഴികാട്ടി കൊടുത്തു.  പ്യുണാണെങ്കിലും സദാശിവന് വലിയ പറമ്പുണ്ടല്ലോയെന്നു ദയാനന്ദന്‍ നിരീക്ഷിച്ചു.  സ്ത്രീധനം കിട്ടിയതായിരിക്കാം അതെന്ന് ദയാനന്ദന്‍ ഊഹിച്ചു. 

സദാശിവന്‍റെ ഭാര്യയും മക്കളും വീടിനുള്ളിലേക്ക് കയറിപ്പോയി.  തെങ്ങിനു തടമെടുക്കുന്ന സദാശിവനെ വാഴയിലകള്‍ക്കിടയിലൂടെ ദയാനന്ദന്‍ കണ്ടു. 

"സദാശിവാ...!"

അയാള്‍ വിളിച്ചു.  സദാശിവന്‍ അധ്വാനത്തി ല്‍ നിന്നും തലയുയര്‍ത്തി ആശ്ചര്യം വിടര്‍ത്തിയ കണ്ണുകളാല്‍ ദയാനന്ദനെ കണ്ടു.
                   
"നിന്നെ കൊല്ലാന്‍ വന്നതാടാ ഞാന്‍."

ദയാനന്ദന്‍റെ അറിയിപ്പി ല്‍ കൈക്കോട്ട് നിലത്തിട്ട് സദാശിവ ന്‍ നിവര്‍ന്നു.  അയാളുടെ കണ്ണുകളിലെ അമ്പരപ്പ് അപ്പോഴും കെട്ടിരുന്നില്ല.  സ്വന്തം അസ്വസ്ഥതകള്‍ കൊണ്ടുചൊരിയാന്‍ പറ്റിയ ഒരു ശിരസ്സായി താന്‍ കരുതിയിരുന്ന പാവം ക്ലാര്‍ക്കിന്‍റെ പെട്ടെന്നുള്ള മാറ്റം സദാശിവനെ ആശയക്കുഴപ്പത്തിലാക്കി.  കാല്‍ച്ചുവട്ടില്‍ കിടന്നിരുന്ന ഒരു പച്ചമടല്‍ കൈക്കലാക്കി ദയാനന്ദന്‍ വീശി.  ആദ്യപ്രഹരത്തില്‍ തന്നെ സദാശിവന്‍ മുഖംകുത്തി തെങ്ങിന്‍തടത്തിലേക്കു വീണു.  അവിടെയിട്ടും തലങ്ങും വിലങ്ങും മര്‍ദിച്ചു.  സദാശിവന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് അവ കൊണ്ടുതന്നെ അയാളെ ദയാനന്ദന്‍ ഒരു തെങ്ങോടു ചേര്‍ത്ത് ബന്ധിച്ചു.  മുറിച്ചിട്ട മാവിന്‍കൊമ്പില്‍ നിന്നും കൈക്കലാക്കിയ എറുമ്പിന്‍കൂട് തന്‍റെ ഒടുവിലത്തെ ശത്രുവിന്‍റെമല്‍ കുടഞ്ഞ്‌ ദയാനന്ദ ന്‍ കൈത്തോക്ക് പുറത്തെടുത്തു.  പച്ചെറുമ്പുകള്‍ മര്‍മ്മസ്ഥാനങ്ങളില്‍ നീറ്റല്‍ കുത്തിവെക്കുന്നത് അസഹനീയമായപ്പോള്‍ സദാശിവന്‍ പാതിബോധത്തിലും ഞെരങ്ങി.  ശത്രുവിന്‍റെ നെറ്റിയില്‍ തോക്ക് മുട്ടിച്ച് ദയാനന്ദന്‍ നിന്ന സമയം കരച്ചിലിന്‍റെ തിരമാലയായി സദാശിവന്‍റെ ഭാര്യയും മക്കളും അവിടേക്കിരമ്പിയെത്തി.  അവരെയെല്ലാം അവിടെയുപേക്ഷിച്ച് ദയാനന്ദന്‍ തിരിച്ചുനടന്നു.  മടങ്ങുന്ന വഴിക്ക് തോക്ക് തിരികെ അരക്കെട്ടില്‍ തിരുകി. 

ശത്രുക്കളുടെ നിര ഓടുങ്ങിയിട്ടും വെടിയുണ്ട ബാക്കിയാണല്ലോ എന്നയാള്‍ വിസ്മയിച്ചു. 

മധ്യാഹ്നത്തോടെ ദയാനന്ദന്‍ വീട്ടില്‍ തിരിച്ചെത്തി.  ഉച്ചമയക്കത്തില്‍ അമ്മയും ചുറ്റിലുമുള്ളതറിയാന്‍ കണ്ണുകള്‍ ചടുലമായി ചലിപ്പിച്ച് നന്ദിനിയും.  ദേവിയും രാജിയും മുറ്റത്തിരുന്ന് ഓരോ കളികള്‍ മെനഞ്ഞുണ്ടാക്കുന്നു.  അയാ ള്‍ ഉമ്മറത്തിരുന്ന് കുട്ടികളെ ശ്രദ്ധിച്ചു. 

"അമ്മേ, മഴവില്ല്!"

രാജിയാണ് ആദ്യം കണ്ടത്.  മഴവില്ലിന്‍റെ വാര്‍ത്തയുമായി ദേവിയും രാജിയും അകത്തേക്കോടി.  അവരുടെ മഴവില്‍ വിവരണത്തില്‍ നോട്ടം ഉറപ്പിച്ചു നിര്‍ത്തി ശ്രദ്ധിക്കുന്ന നന്ദിനിയെ അയാള്‍ സങ്കല്‍പ്പിച്ചു.  മുറ്റത്തിറങ്ങി മുഖമുയര്‍ത്തി നോക്കി അയാള്‍ മഴവില്ല് കണ്ടു.  തിരിച്ചെത്തിയ ദേവിയും രാജിയും അയാള്‍ക്കിരുവശത്തും നിന്ന് വീണ്ടും മഴവില്‍ കാഴ്ച ആസ്വദിച്ചു. 

നന്ദിനിയുടെ മുറിയിലേക്ക് അയാള്‍ നടന്നു.  കിടക്കയ്ക്കരികിലെ മരക്കസേരയിലിരുന്ന് ദയാനന്ദന്‍ വിയര്‍പ്പ് ഒപ്പി. അയാള്‍ പറഞ്ഞു തുടങ്ങി.  നന്ദിനിയുടെ കണ്ണുകള്‍ കൌതുകത്തില്‍ വിടര്‍ന്നു.  അവള്‍ തന്‍റെ ആത്മാവിനെ ആവര്‍ത്തിച്ചു വായിക്കുകയാണെന്നു മനസ്സിലായി അയാള്‍ക്ക്‌.  പറഞ്ഞുതീര്‍ന്നൊടുവില്‍ കൈത്തോക്ക് നന്ദിനിയെ കാണിക്കാനായി അയാള്‍ കൈ അരയിലേക്കു ചലിപ്പിച്ചു.  അപ്രത്യക്ഷമായിരിക്കുന്നു കൈത്തോക്ക്! പൊടുന്നനെയുള്ള ഞെട്ടലില്‍ ഇരിപ്പിടം പിന്നോട്ടു നീക്കി അയാള്‍ എഴുന്നേറ്റു നിന്നു. 

ഗംഗന്‍ എന്നൊരു സുഹൃത്ത് ഉണ്ടായിരുന്നില്ലല്ലോ തനിക്കെന്ന് അയാള്‍ വിസ്മയിച്ചു.  ശത്രുക്കളെ നേരിട്ടപ്പോഴൊന്നും കൈത്തോക്ക് കൈവശമില്ലായിരുന്നു എന്ന ചിന്ത അയാളെ വിയര്‍പ്പിച്ചു. സദാശിവന്‍റെ നെറ്റിയില്‍ തോക്കിന്‍മുനയായത് തന്‍റെ ചൂണ്ടുവിരലായിരുന്നെന്നു അയാ ള്‍ ഓര്‍മ്മിച്ചെടുത്തു. 

"ഗംഗനും," അയാള്‍ നന്ദിനിയോടു വിറയാര്‍ന്ന ശബദത്തില്‍ പറഞ്ഞു, " കൈത്തോക്കും ശരിക്കും ഉണ്ടായിരുന്നില്ല, നന്ദിനീ." 

അയാളെത്തന്നെ സൂക്ഷിച്ചു നോക്കുകയായിരുന്ന നന്ദിനിയുടെ കണ്ണുകളില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.  കണ്ണുകളില്‍ നിന്നും മന്ദഹാസം ചുണ്ടുകളിലേക്ക്‌ പടര്‍ന്നു.  അവളുടെ ചുണ്ടുകള്‍ ഒരു പുഞ്ചിരിചിത്രം വരച്ചുതുടങ്ങിയപ്പോള്‍ ദയാനന്ദ ന്‍ ചലനശേഷി തിരിച്ചുകിട്ടാന്‍ തുടങ്ങിയ നന്ദിനിയുടെ വാര്‍ത്തയുമായി ദേവിയേയും രാജിയേയും തിരഞ്ഞ് മുറ്റത്തേക്കോടി.            
                
                           ********